ന്യൂഡൽഹി: രണ്ട് ഡോസ് കോവാക്സിൻ എടുത്തവർ മൂന്നാം ഡോസായി (ബൂസ്റ്റർ) കോവിഷീൽഡ് ഉപയോഗിച്ചാൽ ആന്റിബോഡികൾ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം.

അതേസമയം, രണ്ട് ഡോസ് കോവിഷീൽഡ് എടുത്തവർ കോവാക്സിൻ ബൂസ്റ്ററായി എടുത്താൽ ആന്റിബോഡികൾ അത്രയധികം കൂടില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.ക്ക
വാക്‌സിനുകളുടെ സങ്കലനം സംബന്ധിച്ച പ്രാഥമിക ഫലങ്ങൾ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ്, ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് ബുധനാഴ്ച സമർപ്പിച്ചതായി റിപ്പോർട്ട് ബൂസ്റ്റർ ഡോസിനായി വാക്സിനുകൾ കലർത്തുന്നത് സംബന്ധിച്ച്‌ രാജ്യത്ത് നിന്നുള്ള ആദ്യത്തെ ശാസ്ത്രീയ തെളിവാണിത്. നിലവിൽ, 60 വയസിന് മുകളിലുള്ളവർക്ക് നൽകുന്ന മുൻകരുതലായ മൂന്നാം ഡോസ് മുൻപത്തെ രണ്ട് കുത്തിവയ്പ്പുകൾക്ക് സമാനമാണ്.

കോവിഷീൽഡും കോവാക്‌സിനും മിശ്രണം ചെയ്യുമ്പോൾ കാണപ്പെടുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളെയും ടി-സെൽ പ്രതികരണത്തെയും കുറിച്ചുള്ള നിർണായക ഡാറ്റ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. അന്തിമ ഡാറ്റയെ അടിസ്ഥാനമാക്കി, ദേശീയ സാങ്കേതിക ഉപദേശക സംഘം (എൻടിഎജിഐ) മൂന്നാം ഡോസായി മറ്റൊരു വാക്‌സിൻ നൽകുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ, ബയോളജികൽ-ഇയുടെ കോർബെവാക്‌സ്, ഭാരത് ബയോടെകിന്റെ ഇൻട്രാനാസൽ വാക്‌സിൻ, സെറം ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇൻഡ്യയുടെ കോവാവാക്‌സ് എന്നിവ കലർത്തുന്നതിന്റെ ഫലവും രാജ്യത്തെ ഗവേഷകർ പഠിച്ചുവരികയാണ്. 60 വയസിന് താഴെയുള്ളവർക്കായി മുൻകരുതൽ ഡോസ് വിപുലീകരിക്കുന്നതിനെക്കുറിച്ച്‌ ശാസ്ത്ര വകുപ്പുകൾ ആലോചിക്കുന്നതിനാൽ ഈ പഠനങ്ങളിൽ നിന്നുള്ള ഡാറ്റ നിർണായകമാകും.

അതേസമയം, 12-14 വയസ് പ്രായമുള്ളവർക്കുള്ള കുത്തിവയ്പ്പ് ബുധനാഴ്ച ആരംഭിച്ചു. പ്രൊവിഷണൽ ഡാറ്റ അനുസരിച്ച്‌, ഈ പ്രായത്തിലുള്ള ഗുണഭോക്താക്കൾക്ക് 3,23,708 ഡോസുകൾ കോർബെവാക്‌സ് ആദ്യ ദിവസം നൽകി. രാജ്യത്തെ മൊത്തം വാക്സിനേഷൻ കണക്ക് 180.68 കോടിയിലെത്തി.

ചൈനയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ ഒരു പുതിയ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ബുധനാഴ്ച കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ഒരു ഉന്നതതല യോഗം വിളിച്ചു. ഉയർന്ന ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയും ചെയ്തു. സാധ്യമായ പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിന് സാംപിളുകളുടെ അഗ്രസീവ് ജീനോം സീക്വൻസിംഗ് നടത്താൻ അധികാരികൾക്ക് നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, ഹോട്‌സ്‌പോടുകൾ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ശക്തമാക്കാൻ പ്രാദേശിക തലത്തിലുള്ള അധികാരികളോട് മാണ്ഡവ്യ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.