തൃശൂർ. ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരത്തിനിടെ ആന ഇടഞ്ഞു. തിരക്കിൽ പെട്ട് 3 ആളുകൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയതാണ് പരിഭ്രാന്തി പരത്തിയത്. ആനകളുടെ പരാക്രമം കണ്ട് നാട്ടുകാർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. ആനകള്‍ പെട്ടെന്ന് ശാന്തരായതിനാൽ വൻ അപകടമാണ് ഒഴിവായത്. ആനകൾ ഇടഞ്ഞതോടെ ആറാട്ട് എഴുന്നള്ളിപ്പ് അൽപ്പം നേരം വൈകിയാണ് നടത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്പി. ബാബു.ടി. തോമസന്‍റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.