അഗര്‍ത്തല: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത മുന്‍ തടവുപുള്ളിയെ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു.
ത്രിപുരയിലെ ധലായി ജില്ലയിലാണു സംഭവം. കൊലക്കേസില്‍ എട്ടു വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അമ്മയ്ക്കൊപ്പം മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബാലികയെ ഇയാള്‍ തൊട്ടടുത്തുള്ള കാട്ടിലേക്കു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ചശേഷം പ്രതി ഇവിടെ നിന്നും കടന്നു കളഞ്ഞു. കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ സമീപവാസികള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജനങ്ങള്‍ സംഘടിച്ച് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ഗന്ദാചെറാ-അമര്‍പുര്‍ ഹൈവേ ഉപരോധിച്ചു.പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ ഒരു സംഘം സ്ത്രീകള്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍നിന്നു പ്രതിയെ പിടികൂടി. ഇയാളെ മരത്തില്‍ കെട്ടിയിട്ട് നിര്‍ദയം മര്‍ദിക്കുകയായിരുന്നു. പ്രതിയെ ആശുപത്രിയെത്തിച്ചെങ്കിലും മരണം സംഭവിച്ചു.