കൊച്ചി: വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയില്‍ നടന് തിരിച്ചടി. വധ ഗൂഢാലോചന കേസ് അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തില്ല. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചു. കേസിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്റെ വാദം .കൂടാതെ തന്റെ സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.വിവരം നശിപ്പിക്കാന്‍ ദിലീപിനെ സഹായിച്ച വിദഗ്ധരിലേക്കും വക്കീലന്‍മാരിലേക്കും അന്വേഷണം ഇപ്പോള്‍ എത്തിക്കഴിഞ്ഞു.തെളിവു നശിപ്പിക്കാന്‍ നിയമവിരുദ്ധമായി ഇടപെടല്‍ നടത്തിയ വക്കീലന്മാര്ക്കെതിരെ ഇരയായ യുവതി ബാര്‍ കൗണ്‍സിലില്‍ നല്കിയ പരാതിയും ഇതോടെ ശക്തമാവും
ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പരിശോധനകളും റെയിഡുകളും ശക്തമായി തുടരാന്‍ അന്വേഷണ സംഘത്തിന് ഊര്‍ജ്ജം നല്‍കുന്നതാണ് കോടതിയുടെ പച്ചക്കൊടി.