കൊച്ചി.കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു.

പത്തുപേരിൽ കൂടുതൽ സ്ത്രീകൾ ജോലി നോക്കുന്ന മേഖലകളിൽ പരാതി പരിഹാര സെൽ ഉണ്ടാകാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനിതാകൂട്ടായ്മയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. വനിതാകമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.