ന്യൂ ഡെൽഹി :
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരായിരിയ്ക്കും എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായെക്കും. എം ലിജുവിന്റെയും സതീശന്‍ പാച്ചേനിയുടെയും പേരുകള്‍ക്കാണ് പ്രഥമ പരിഗണന.
ഇന്നലെ കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ എം ലിജുവും ഉണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായി ലിജുവിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗികരിയ്ക്കുപ്പെടും എന്ന പ്രസ്താവനയും കെ.സുധാകരന്‍ നടത്തിയിരുന്നു.
ആന്ധ്രയുടെ ചുമതല വഹിയ്ക്കുന്ന ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും അവസാന നിമിഷത്തില്‍ പരിഗണനാ പട്ടികയില്‍ കടന്ന് കൂടിയെന്നാണ് വിവരം. റോബര്‍ട്ട് വദ്രയുടെ സ്ഥാപനങ്ങളുടെ മുന്‍ ഡയറക്ടറായ ശ്രീനിവാസന്‍ ക്യഷ്ണന്റെ പേര് പ്രിയങ്കഗാന്ധി യാണ് നിര്‍ദ്ധേശിച്ചത് എന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.
21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞിരുന്നത്.
ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റാകുന്നത്. 2011 ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിലെ വര്‍ക്കല കഹാറിനോട് പരാജയപ്പെട്ടിരുന്നു. നിയമത്തിലും ജേര്‍ണലിസത്തിലും ബിരുദമുള്ള റഹിം കുറച്ചു കാലം കൈരളി ന്യൂസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗമായിരുന്ന അമൃതയാണ് ഭാര്യ.
യുവനിരയിലുള്ള സ്ഥാനാര്‍ത്ഥിയെയാണ് ഇന്നലെ സിപിഐയും രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പി സന്തോഷ് കുമാര്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനമെടുത്തത്. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാര്‍. എഐവൈഎഫ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.