തിരുവനന്തപുരം.റോഡില്‍ നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നത് ഇനി കാലതാമസമില്ലാതെ.
ഇത്രയധികം റോഡ് അപകടങ്ങള്‍ പെരുകുന്ന രാജ്യത്ത് ഇനി കര്‍ശന നടപടികളില്ലെങ്കില്‍ നിരത്തിലിറങ്ങാനാവില്ല എന്ന വിലയിരുത്തലിലാണ് ശക്തമായ നടപടി തുടങ്ങിയത്.
ലൈസന്‍സ് താത്കാലികമായി റദ്ദാക്കാവുന്ന കുറ്റം ചെയ്തയാള്‍ക്ക് റദ്ദാക്കിയ ഉത്തരവ് ലഭിക്കാന്‍ താമസമെടുക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നിര്‍ദേശം.
നിയമലംഘനം നടത്തിയയാളുടെ വാദംകേട്ട അന്നുതന്നെ ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കാന്‍ ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശം നല്‍കി.

പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്താല്‍ അന്തിമ നടപടിയെടുക്കുന്നത് ആര്‍.ടി.ഒ.യോ ജോയന്റ് ആര്‍.ടി.ഒ.യോ ആണ്. ഇവര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടയാളുടെ വാദം കേള്‍ക്കും. വാദം തൃപ്തികരമല്ലെങ്കിലാണ് ലൈസന്‍സ് റദ്ദാക്കാന്‍ ഉത്തരവിറക്കുക. ഈ നടപടിയാണ് ഇനിമുതല്‍ വാദംകേട്ട അന്നുതന്നെ നടപ്പാക്കുക.

ഒരുമാസം മുതല്‍ ആജീവനാന്തം ലൈസന്‍സ് റദ്ദാക്കാന്‍ വരെ മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം കഴിയും. പലയിടങ്ങളിലും ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് ലഭിച്ചപ്പോഴേക്കും ശിക്ഷയുടെ കാലയളവ് അവസാനിച്ച സംഭവങ്ങളുണ്ടായിരുന്നു.

ഉത്തരവ് ലഭിക്കാത്തതിനാല്‍ ശിക്ഷാ കാലാവധി ലൈസന്‍സ് ഉടമയെ ബാധിക്കാത്ത സ്ഥിതിയുമുണ്ടായി. ഇതെല്ലാം ഒഴിവാക്കാനാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയാണെങ്കില്‍ വാദംകേട്ട അന്നുതന്നെ ഉത്തരവു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് . ഉത്തരവ് ഫോണ്‍ വഴിയോ എസ്.എം.എസ്. വഴിയോ ലൈസന്‍സ് ഉടമയെ അറിയിക്കണം. ഒപ്പം തൊട്ടടുത്ത പ്രവൃത്തിദിവസം ഉത്തരവിന്റെ പകര്‍പ്പ് തപാല്‍മാര്‍ഗം അയക്കണമെന്നുമാണ് നിര്‍ദേശം.

മദ്യപിച്ച് വാഹനമോടിക്കല്‍, മരണത്തിനോ ഗുരുതര പരിക്കിനോ കാരണമായ അപകടങ്ങള്‍ ഉണ്ടാക്കല്‍, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, വാഹനമോടിക്കുന്നതിനിടെ മറ്റെന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെടല്‍ തുടങ്ങി 25-തരം നിയമലംഘനങ്ങള്‍ക്കാണ് ലൈസന്‍സ് റദ്ദാക്കുക. മേല്‍പ്പറഞ്ഞ എല്ലാകുറ്റവും വളരെ ലാഘവബുദ്ധിയോടെ നടത്തുന്ന രാജ്യമാണ് ഇന്ത്യ. ഒരു പരിഷ്‌കൃത രാജ്യമെന്നാല്‍ കൃത്യമായ റോഡ് നിയമപാലനം ഒഴിവാക്കാവുന്നതല്ല. ഇന്ത്യയെ നന്നാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് തുനിഞ്ഞിറങ്ങുന്നത്.