കോഴിക്കോട്: ഹിജാബ് നിരോധനം ശരിവെച്ചുള്ള കർണാടക ഹൈക്കോടതിയുടെ വിധി ഏറെ വേദനാജനകവും നിർഭാഗ്യകരവും ആണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുക്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു .
കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ പറയുന്നു , മുസ്ലിം മത വിശ്വാസ പ്രമാണങ്ങളെയും പൗരൻ എന്ന നിലയിലുള്ള ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെയും ഹനിക്കുന്നതുമാണ് ഈ വിധി.

മേൽക്കോടതിയിൽ നിന്ന് നീതിപൂർവമായ ഒരു വിധി ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ഇസ്ലാമിൽ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമർശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ്. ഹിജാബ് നിർബന്ധമാണ് എന്നതിൽ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തർക്കവും ഉണ്ടായിട്ടില്ലഅദ്ദേഹം പറഞ്ഞു.കാരന്തൂർ മർകസിൽ നടന്ന ഇമാം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം.

ഹിജാബ് വിധി പൗരാവകാശ ലംഘനം; നിർബന്ധ മത കർമ്മ മല്ലെന്ന കോടതിയുടെ കണ്ടെത്തൽ വിചിത്രം : എസ് എസ് എഫ്

ഹിജാബ് ധരിക്കുന്നത് ഇസ് ലാം മതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധനത്തിൽ തെറ്റില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അതിലേറെ വിചിത്രമാണെന്നും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅഫർ പറഞ്ഞു. ഇസ് ലാമിൽ സർവ്വാംഗീകൃതമായി നിലനിൽക്കുന്ന ഹിജാബ് എന്ന സംസ്കാരം എസൻഷ്യൽ റിലീജിയസ് പ്രാക്ടീസിന്റെ ഭാഗമല്ലെന്ന കോടതിയുടെ കണ്ടെത്തൽ എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.

വസ്തുതാ വിരുദ്ധമായ ഇത്തരം നിരീക്ഷണങ്ങൾ കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ്. ഇസ് ലാം കാര്യമെന്ന പേരിൽ അറിയപ്പെടുന്ന അഞ്ചു കാര്യങ്ങൾ മാത്രമാണ് ഇസ് ലാമിക വിശ്വാസികൾക്ക് അനിവാര്യമെന്ന കോടതി നിരീക്ഷണം മുസ് ലിം മതവിശ്വാസികളുടെ മറ്റു പല അവകാശങ്ങളെ കൂടി ലംഘിക്കാൻ പ്രേരകമാകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഹിജാബ് ഇസ് ലാമിൽ അവിഭാജ്യ ഘടകം ;
കർണാടക ഹൈക്കോടതി വിധി നിരാശാജനകം-
കേരള മുസ്ലിം ജമാഅത്ത്

ഹിജാബ് ഇസ് ലാമിലെ അവിഭാജ്യ ഘടകമാണെന്നും മറിച്ചുള്ള കർണാടക ഹൈക്കോടതി വിധി ദൗർഭാഗ്യകരമാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി.

ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ട്. ഹിജാബ് മുസ്ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകശമാണ്. കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്ചാതലത്തിൽ ക്യാമ്പസിനകത്തും പുറത്തും അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു