എല്ലാ സ്‌കൂളുകളിലും കൈറ്റിന്റെ ഇ ലാംഗ്വേജ് ലാബുകൾ; പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ തുടർച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച ‘ഇ ക്യൂബ് ഇംഗ്ലീഷ്’ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ഇ ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം.

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാൻ സഹായിക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ ഇ ലാംഗ്വേജ് ലാബ് ഡിജിറ്റൽ ഇന്ററാക്ടീവ് മൾട്ടി മീഡിയ സോഫ്റ്റ്‌വെയർ സജ്ജമാക്കിയത്. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾക്ക് നാലു വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഇ ലാംഗ്വേജ് ലാബിന്റെ ആദ്യ ഘട്ടം. വിദ്യാർഥികൾക്ക് ശബ്ദം, വീഡിയോ എന്നിവ റെക്കോർഡ് ചെയ്യാനും എഡിറ്റിങ്ങിനും ഒരു കമ്പ്യൂട്ടർ ഗെയിം പോലെ മിക്ക പ്രവർത്തനങ്ങളും കളികളിലൂടെ പൂർത്തിയാക്കാനും സോഫ്റ്റ്‌വെയറിൽ സൗകര്യമുണ്ട്.

ഓരോ വിദ്യാർഥിയുടേയും പഠന പുരോഗതി വിലയിരുത്താനും പിന്തുണ നല്കാനും അധ്യാപകരെ സഹായിക്കുന്ന ടീച്ചിങ് മൊഡ്യൂളും പ്രഥമാധ്യാപകർക്ക് മോണിറ്ററിങ്ങിനുള്ള പ്രത്യേക മൊഡ്യൂളും ഇ ലാംഗ്വേജ് ലാബിലുണ്ട്. സമഗ്ര പോർട്ടലിൽ ഇ ലൈബ്രറിയും കൈറ്റ് വിക്‌ടേഴ്‌സിൽ ഇ ബ്രോഡ്കാസ്റ്റും ഒരുക്കിയതിന്റെ തുടർച്ചയാണ് ഇ ലാംഗ്വേജ് ലാബ്. സ്‌കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‌ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിയുള്ള ഇ ലാംഗ്വേജ് സംവിധാനം സ്‌കൂളുകളിലെ 1.2 ലക്ഷം ലാപ്‌ടോപ്പുകളിലും ഒരുക്കാനാകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം പൂജപ്പുര ഗവ യുപിഎസിൽ ഇന്ന് വൈകിട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും

Advertisement