പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

പാരിപ്പളളി :പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.വര്‍ക്കല ഇടവ വെണ്‍കുളം കെ.എസ് ഭവനത്തില്‍ സോജൂ (38) ആണ് പിടിയിലായത്.

നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതിന്‍റെ സമീപമുളള പെണ്‍കുട്ടിയെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി വീണ്ടും ശാരീരികമായി ഉപദ്രവിച്ചു.അതിക്രമം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി പോലീസിൽ പരാതി നൽകി.തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും ബലാല്‍സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ഇയാളെ ഇടവയിലുളള വീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനുരൂപ.എസ്, പ്രദീപ്, എ.എസ്.ഐ അഖിലേഷ്. എസ്.സി.പി.ഓ ഡോള്‍മാ.വി.എസ്, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Advertisement