സ്വപ്‌നയുടെ വെളിപ്പെടുത്തലുകൾ ഇഡി പരിശോധിക്കുന്നു; ശബ്ദരേഖയുടെ സത്യാവസ്ഥ അന്വേഷിക്കും, ഹൈക്കോടതിയെ അറിയിക്കാനും ആലോചന


കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പരിശോധിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ.

എൻഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ പുറത്തുവന്ന ശബ്‌ദസന്ദേശം കെട്ടിച്ചമച്ചതാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡി പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഹൈക്കോടതിയെ അറിയിക്കുന്നതും കേന്ദ്ര ഏജൻസികളുടെ ആലോചനയിലുണ്ട്. കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ അപ്പീലിൽ അറിയിക്കാനാണ് കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്. സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കസ്റ്റംസ് പരിശോധിക്കും. സ്വപ്നയുടെ രഹസ്യമൊഴിയിൽ സുപ്രധാന വിവരങ്ങളുണ്ടെന്ന് കേന്ദ്ര ഏജൻസികൾ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

സ്വർണക്കള്ളക്കടത്ത് കേസിൽ തീവ്രവാദിയാക്കി എൻ.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നിൽ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സ്വർണക്കള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജിൽ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കർ ഇടപെട്ടതെന്നും ചാനൽ അഭിമുഖത്തിൽ സ്വപ്ന അവകാശപ്പെട്ടിരുന്നു. ജയിലിൽ നിന്നു പുറത്തുവന്ന ശബ്ദരേഖ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന തുറന്നു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന” എന്ന പുസ്‌തകത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സ്വ‌പ്‌ന രംഗത്തുവന്നത്. സ്വപ്ന ചതിച്ചതാണെന്നും സ്വർണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നത്. ഇതോടെയാണ് കടുത്ത ആരോപണങ്ങളുമായി സ്വപ്ന ചാനലുകൾക്ക് മുന്നിലെത്തിയത്.

Advertisement