തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു.

ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകീട്ട് മൂന്ന് മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരുതരത്തിലും ബാധിച്ചില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാസം ഇന്നലെ (ജനുവരി 25) വരെ 50,62,323 പേർ(55.13 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം വൈകീട്ട് 6.30 വരെ 4,46,440 പേർ റേഷൻ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാർഡ് ഉടമകളാണു റേഷൻ കൈപ്പറ്റിയിരുന്നത്. റേഷൻ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടെയും യോഗം ഓൺലൈനായി ചേർന്നു.

റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്ക് നിലവിൽ യാതൊരു തകരാറുകളുമില്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് അഡീഷനൽ ഡയറക്ടർ ടിക്കാറാം മീണ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ.ഡി സജിത് ബാബു, ഐടി മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, എൻഐസി ഹൈദരാബാദിന്റെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.