തിരുവനന്തപുരം: അകാലത്തിൽ വേർപ്പെട്ട സഹപ്രവർത്തകൻറെ നിരാലംബമായ കുടുബത്തിന് ആശ്വാസമേകാൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി മുളങ്കാടകത്തെ വീട്ടിലെത്തി. കഴിഞ്ഞ ജനുവരി ഏഴിന് ഇരുമ്പ് പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മരിച്ച പോലീസിലെ അതുല്യകലാകാരനായ എ.സുരേഷ്കുമാറിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാനാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി ഐ.പി.എസ് എത്തിയത്.

മുളങ്കാടകം ക്ഷേത്രത്തിന് പുറകിലുളള സുരേഷിന്റെ വീട്ടിലെത്തിയ ഡി.ഐ.ജി പ്രായമായ മാതവിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. സുരേഷിന്റെ സഹോദരനോടും ഭാര്യയോടും മക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡി.ഐ.ജി കുടുംബത്തിനെ ആശ്വസിപ്പിക്കുന്നതിനായി ഒരു മണിക്കൂറോളം സുരേഷിൻറെ കുടുംബത്തിനൊപ്പം ചിലവഴിച്ചു. ഡി.ഐ.ജിക്ക് ഒപ്പം ജില്ലാ പോലീസ് മേധാവി നാരായണൻ ടി.ഐ.പി.എസ്, അസിസ്റ്റൻറ് കമ്മീഷണർമാരായ എസ്.നാസറുദ്ദീൻ, ജി.ഡി.വിജയകുമാർ, ബി.ഗോപകുമാർ, ഇൻസ്പെക്ടർമാരായ ആർ.രതീഷ്, ഷെഫീക്, തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. പോലീസ് ഗായകസദസിലെ നിത്യ സാന്നിദ്ധ്യമായിരുന്ന സുരേഷ്കുമാറിൻറെ കുടുംബത്തിന് ഡി.ഐ.ജിയുടെ സന്ദർശനം ആശ്വാസമായി.