തിരുവനന്തപുരം: പാറശാലയിൽ നടക്കുന്ന
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. ആഭ്യന്തര ,ആരോഗ്യ വകുപ്പുകൾക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനമുയർന്നു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. മന്ത്രിമാരുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്
ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണം. കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പൊതുചർച്ച തുടരുകയാണ്.