തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി. എസ്‌എസ്‌എൽസി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂർത്തിയാവും.

പരീക്ഷകളുടെ നിലവാരം ഉയർത്തേണ്ടതുണ്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. സ്‌കൂളുകളുടെ മാർഗരേഖ പരിഷ്‌കരണം ഉൾപ്പെടെ ചർച്ചയാവുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളുകൾ പെട്ടന്ന് അടയ്ക്കുമ്പോൾ ഉണ്ടാവുന്ന പരിഭ്രമം ഒഴിവാക്കാൻ വേണ്ടിയാണ് സ്‌കൂളുകൾ അടയ്ക്കുന്നത് ഒരാഴ്ച കഴിഞ്ഞാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് പ്രത്യേക ടൈം ടേബിൾ ഏർപ്പെടുത്തും. അൺ എയ്ഡഡ്, സിബിഎസ്‌ഇ മേഖലയ്ക്കും ഓൺലൈൻ ക്ലാസിലേക്ക് മാറുന്നത് ബാധകമാണ്. സ്‌കൂളുകൾ അടയ്ക്കേണ്ട കാര്യമില്ലെന്ന് ചില വിദഗ്ധർ പറയുന്നുണ്ടെങ്കിലും സർക്കാരിനെ സംബന്ധിച്ച്‌ റിസക് എടുക്കാൻ പറ്റില്ല. ഒരു പരീക്ഷണത്തിന് സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടയ്ക്കാൻ തീരുമാനിച്ചത്. ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ ക്ലാസ് നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനിച്ചത്. ഫെബ്രുവരി രണ്ടാംവാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകാനും തീരുമാനമായി.