കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാക്കപ്പെട്ട വിധിക്കെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം മുൻ എസ് പി എസ്. ഹരിശങ്കർ. അംഗീകരിക്കാനാകാത്ത വിധിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അപ്രതീക്ഷിതമായിരുന്നു ഈ വിധിയെന്നും ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ അദ്ദേഹം വ്യക്തമാക്കി.

സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധിയെന്ന് ഹരിശങ്കർ പറഞ്ഞു. ഇരയുടെ മൊഴിയുണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കാനാകില്ല. ധാരാളം തെളിവുകളുണ്ടായിരുന്നുവെന്നും അപ്പീൽ പോകണമെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.

വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിലെത്തിയത് പിൻവാതിലിലൂടെയാണെങ്കിൽ വിധി കേട്ട ശേഷം തിരികെ പോയത് മുൻവാതിലിലൂടെയാണ്. വിധി വന്നപ്പോൾ സുഹൃത്തുക്കളെയും അഭിഭാഷകരെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ഫ്രാങ്കോ പറഞ്ഞത് ദൈവത്തിന് സ്തുതി എന്നായിരുന്നു. സഹോദരനും സഹോദരി ഭർത്താവിനുമൊപ്പമാണ് ബിഷപ്പ് കോടതിയിലേക്കെത്തിയത്.

സമീപകാല കേരള ചരിത്രം പരിശോധിക്കുമ്പോൾ ഒറ്റപ്പെട്ട ഒരു സംഭവം തന്നെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡനം. പല നാടകീയവും നിർണായകവുമായ മുഹൂർത്തങ്ങൾക്കും വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും കേരളക്കര സാക്ഷിയായി. ബിഷപ്പിനെതിരെ 6 വര്ഷം നീണ്ട നിയമ പോരാട്ടമായിരുന്നു പരാതിപ്പെട്ട കന്യാസ്ത്രീ നടത്തിയത്. ലൈംഗിക ചൂഷണത്തിന് പരാതിപ്പെട്ട കന്യാസ്ത്രീയ്ക്ക് കഴിഞ്ഞ കാലയളവിൽ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കൊടും ക്രൂരതയും അവഗണനയുമായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കള്ളകേസിൽ കുടുക്കിയും കന്യാസ്ത്രീയുടെ സ്വഭാവ ശുദ്ധിയെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തും വേട്ടക്കാർ പരസ്യമായി വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും കന്യാസ്ത്രീ പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.