കോട്ടയം: കുറ്റവിമുക്തനാക്കിയ കോടവതി വിധിക്ക് ശേഷം പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം. ഉടൻ തന്നെ കാറിൽ കോടതിയുടെ പുറത്തേക്ക് പോവുകയും ചെയ്തു.

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.വിധി കേൾക്കാനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.