ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാകുമ്പോൾ കർത്താവിന്റെ ഒരു പറ്റം മണവാട്ടിമാർ ഉന്നയിച്ച അസാധാരണമായ ആരോപണം തോറ്റുപോയിരിക്കുകയാണ്. അഭയം തേടിയ കർത്താവ് തങ്ങളെ കൈവിട്ടുവെന്നോ നീതിയുടെ പാത പ്രാർത്ഥനകളും പിന്തുണകളുമല്ലെന്നും മറിച്ച് തെളിവുകളും നിയമങ്ങളുമാണെന്നും അവർ ബോധ്യപ്പെടട്ടെ . .

ഇന്ത്യയിലെ കത്തോലിക്ക സഭയെ ഏറ്റവും കൂടുതൽ നാണം കെടുത്തിയ കേസുകളിൽ ഒന്നായിരുന്നു തന്നെ ബിഷപ് ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന് പറഞ്ഞ് ഒരു കന്യാസ്ത്രീ തന്നെ രംഗത്തുവന്നത്.

രാജ്യത്തെ കത്തോലിക്കാ സഭയേയും വിശ്വാസികളേയും ഒരേ പോലെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത സംഭവമായിരുന്നു അത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണ് ബിഷപ് ഫ്രാങ്കോയ്ക്ക് എതിരെ കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. സഭയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കിയ ഒരു സംഭവം ആയിരുന്നു ഇത്. ഒരുപക്ഷേ, സിസ്റ്റർ അഭയ വധക്കേസിന് ശേഷം സഭ ഇവിടെ അനുഭവിച്ച ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് ബിഷപ് ഫ്രാങ്കോ കേസ് തന്നെയാകും.

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളക്കൽ. ജലന്ധർ രൂപതാ ആസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്.

അന്വേഷണത്തിനായെത്തിയ കേരള പൊലീസിന് ബിഷപ്പിനെ കണ്ട് ചോദ്യം ചെയ്യാനുമായില്ല. അന്ന് അന്വേഷണസംഘത്തെ ഏറെ നേരം കാത്തുനിർത്തിച്ചു ബിഷപ്പ്. വിശ്വാസികളുടെ പിന്തുണയും കരുത്തുമായിരുന്നു പിന്നിൽ. കന്യാസ്ത്രീയുടെ പരാതിയിലെ നിജസ്ഥിതിയറിയാൻ പിന്നീട് പലവട്ടം പൊലീസ് വല വീശിയെങ്കിലും ജലന്ധറിൽ വെച്ച്‌ നടക്കില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. ചോദ്യം ചെയ്യൽ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് പഞ്ചാബ് പൊലീസും മുന്നറിയിപ്പ് നൽകി. ബിഷപ്പിന് ജലന്ധർ മേഖലയിൽ വിശ്വാസികളിലടക്കമുളള സ്വാധീനം മുന്നിൽക്കണ്ടായിരുന്നു ഇത്.

ഫ്രാങ്കോ മുളക്കൽ വൻ തട്ടിപ്പുകാരനാണെന്ന് ഉറപ്പായതോടെയാണ് ബിഷപ്പെന്ന പരിഗണന ഇനി വേണ്ടന്ന് കേരള പൊലീസ് തീരുമാനിച്ചത്. അങ്ങനെയാണ് 2018 സെപ്റ്റംബർ 19ന് കൊച്ചിയിലേക്ക് നോട്ടീസ് അയച്ച്‌ വിളിച്ചുവരുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ.

ഹൈ ടെക് ചോദ്യം ചെയ്യൽ മുറിയൊരുക്കി. ബിഷപ് ഫ്രാങ്കോയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ മൂന്നു കാമറകൾ സജ്ജീകരിച്ചു. പ്രത്യേക ചോദ്യാവലി ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യുമ്പോൾ വീഡിയോ കാമറാ ദൃശ്യങ്ങളിലൂടെ മേലുദ്യോഗസ്ഥർ സൂക്ഷ്മ നിരീക്ഷണം നടത്തി. ഒരോ രണ്ടുമണിക്കൂറിലും ചോദ്യം ചെയ്യൽ എങ്ങനെ വേണമെന്ന് നിശ്ചയിച്ചുറപ്പിച്ചു.

ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിൻറെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി. ഒടുവിൽ മൂന്നാം ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷവും നാടകീയതകൾ തുടർന്നു. കോടതിയിൽ ഹാജരാക്കാൻ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി ബിഷപ്പിന് ‘ദേഹാസ്വാസ്ഥ്യം’ അനുഭവപ്പെട്ടു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപപരിചരണ വിഭാഗത്തിലേക്ക്. ബിഷപ്പിന് കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് തൊട്ടടുത്ത ദിവസം ഡോക്ടർമാർ വിധിയെഴുതിയതോടെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ കിട്ടി. ഒടുവിൽ റിമാൻഡിലായി ബിഷപ്പ് പാലാ സബ് ജയിലിലേക്ക്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനൊടുവിൽ ഉപാധികളോടെ ജാമ്യം ലഭിച്ചു.

കേസിനേയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന വ്യവസ്ഥകളോടെയാണ് പുറത്തിറങ്ങിയത്. 2019 ഏപ്രിൽ ഒമ്പതിന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി.

ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിൻറെ അപക്ഷകൾ കോടതിയിലെത്തി. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹരജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.

മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗി, മുതിർന്ന അഭിഭാഷകൻ ആനന്ദ് മിശ്ര തുടങ്ങിയവരാണ് ഹാജരായത്. ആത്മീയ ശക്തി കോടതിക്കുമേൽ പ്രയോഗിക്കാനാണോ ശ്രമം എന്ന് ബിഷപ്പ് ഫ്രാങ്കോയോടു ചോദിച്ചു കൊണ്ടാണ് സുപ്രീംകോടതി ഹരജി തളളിയത്. ഇതിനിടെ 2020 ആഗസ്റ്റിൽ വിചാരണ തുടങ്ങി.

14 ദിവസം വിചാരണയ്ക്ക് ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോക്ക് കോട്ടയത്തെ കോടതി ജാമ്യമില്ലാ വാറൻറും പുറപ്പെടുവിച്ചു. ഒടുവിൽ വിചാരണക്ക് നേരിട്ട് ഹാജരാകാമെന്ന് ബിഷപ്പ് നേരിട്ടെത്തി അറിയിച്ചതോടെയാണ് ജാമ്യം നൽകിയത്.

ഇതിനിടെ പ്രതിഭാഗം ക്രോസ് വിസ്താരം രണ്ടുമാസം നീട്ടണമെന്ന ഫ്രാങ്കോയുടെ ആവശ്യം ഹൈക്കോടതി തളളി. രഹസ്യവിചാരണയാണ് നടന്നതെങ്കിലും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയടക്കം കോടതിയിലെത്തി പ്രോസിക്യൂഷനായി മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരി, മൂന്നു ബിഷപ്പുമാർ, പതിനൊന്ന് വൈദികർ, 25 കന്യാസ്ത്രീകൾ എന്നിവർ വിചാരണയ്ക്ക് ഹാജരായി. എന്തായാലും കേരളത്തിലെ പൊലീസിൻറെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് ബിഷപ്പ് പ്രതിയായ ബലാത്സംഗക്കേസ്.

ഏറ്റവും അധികം കേരളം ചർച്ച ചെയ്ത കേസുകളിൽ ഒന്നായിരുന്നു ഇത്. 2014 മുതൽ 2016 വരെ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ തന്നെ 13 തവണ ബലാത്സംഗം ചെയ്തു എന്ന് കാണിച്ചാണ് കന്യാസ്ത്രീ പരാതിപ്പെടുന്നത്. ഇവരുടെ പരാതിയെ തുടർന്ന് കോടനാട് വികാരി ഇരുവർക്കുമിടയിൽ അനുരഞജനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. കേസ് കത്തിപ്പടരവെ ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ മഠത്തിലെത്തി യുവതിയെ കണ്ടു. കന്യാസ്ത്രീകളെയും ബന്ധുക്കളെയും കേസിൽനിന്നും പിൻമാറാൻ വിവിധ കേന്ദ്രങ്ങളിൽനിന്നും ഇതിനിടെ ശ്രമങ്ങളുണ്ടായി. തന്നെ വധിക്കാൻ ശ്രമം നടന്നതായുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. ‘സേവ് അവർ സിസ്റ്റേഴ്സ്’ എന്ന പേരിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ വിവിധ കോണുകളിൽനിന്നുള്ളവർക്കൊപ്പം കന്യാ സ്ത്രീകളും അണിനിരന്നു. വിശ്വാസ-ആത്മീയ സാധ്യതകൾ ഏറ്റവും മോശമായ രീതിയിൽ ഒരു കുറ്റവാളിക്ക് വേണ്ടി പ്രവർത്തിക്കുന്നത് കേരളം കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here