നടി ആക്രമണ കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിരിക്കുന്നതെന്നതിനാല്‍ ദിലീപിനെ സിനിമാ സംഘടനകളുടെ അംഗത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് കെകെ രമ ആവശ്യപ്പെട്ടു.

പൊതു സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും കെകെ രമ പറഞ്ഞു.

സിനിമയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാര്‍വ്വതി തിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിര്‍ഭയമായി സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്നും കെകെ രമ ആവശ്യപ്പെട്ടു.

കെകെ രമ പറഞ്ഞത്: ഒരു സംവിധായകന്റെ വെളിപ്പെടുത്തലുകളുടെയും വാട്സ് ആപ്പ് സന്ദേശങ്ങളടക്കമുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ ചലച്ചിത്ര താരത്തെ ആക്രമിച്ച കേസിന് പുതിയ ചില മാനങ്ങള്‍ കൈ വന്നതായി വേണം മനസ്സിലാക്കാന്‍. കണ്ണു നനഞ്ഞും ഹൃദയം വേദനിച്ചുമല്ലാതെ അവര്‍ എഴുതിയ കുറിപ്പ് വായിച്ചു തീര്‍ക്കാനാവില്ല.

‘ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്‌ബോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.’

എന്ന് അവര്‍ എഴുതുമ്‌ബോള്‍ അത് അവരുടെ മാത്രം ജീവിതാനുഭവമല്ല. ശക്തരും പലതരം പ്രിവിലേജുകളുള്ളവരുമായ ക്രിമിനലുകളും വേട്ടയ്ക്ക് വിധേയരാവേണ്ടി വന്ന എല്ലാ സ്ത്രീകളും നേരിടേണ്ടി വരുന്ന ഒറ്റപ്പെടലിന്റെയും അവഗണനയുടെയും അവഹേളനത്തിന്റെയും തുടര്‍ച്ചയാണത്. ഒട്ടേറെ സാക്ഷികളും ഇടയില്‍ കൂറുമാറുകയുണ്ടായി.

എന്തായാലും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ആത്മാഭിമാന പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുന്ന അതിജീവികയ്ക്ക് ആത്മാര്‍ത്ഥമായ അഭിവാദ്യങ്ങള്‍. വലിയ നഷ്ടങ്ങള്‍ സഹിച്ചും അവര്‍ക്കൊപ്പം നിന്ന WCC ക്കും അഭിവാദ്യങ്ങള്‍. ഈ കേസില്‍ പ്രതിയായി ദീര്‍ഘനാള്‍ ജയിലില്‍ കഴിഞ്ഞ ചലച്ചിത്ര താരം ദിലീപിന്റെ പങ്ക് കൂടുതല്‍ വെളിവാകുന്ന വിധത്തിലാണ് ഇപ്പോള്‍ പല രേഖകളും വെളിപ്പെടുത്തലുകളും പുറത്ത് വന്നിരിക്കുന്നത്. പ്രധാന ചലച്ചിത്രതാരങ്ങളോ AMMA എന്ന സംഘടനയോ നാളിതുവരെ ദിലീപിനെ മാറ്റി നിര്‍ത്തുകയോ നടിക്ക് ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുകയോ ചെയ്തിട്ടില്ലായിരുന്നു. എന്നാലിപ്പോള്‍ വൈകിയാണെങ്കിലും പ്രധാന താരങ്ങളടക്കം നടിയുടെ പ്രസ്താവന ഷെയര്‍ ചെയ്ത് പിന്തുണയ്ക്കുന്നു. നല്ല കാര്യം തന്നെ.

പക്ഷേ ഇപ്പോള്‍ പ്രഖ്യാപിച്ച ഈ പിന്തുണ ആത്മാര്‍ത്ഥമാണെങ്കില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. ആരോപണ വിധേയനായ വ്യക്തിയെ സംഘടനയുടെ അംഗത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടതുണ്ട്. ഒപ്പം അന്വേഷണത്തില്‍ നടിക്കൊപ്പം സംഘടന ഒന്നടങ്കം നില്‍ക്കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ സോഷ്യല്‍ മീഡിയയില്‍ ഒപ്പമുണ്ട് എന്ന് പറഞ്ഞാല്‍ പോര. ആരോപണ വിധേയന്റെ സിനിമകളും അഭിമുഖങ്ങളും വീട്ടുവിശേഷങ്ങളും കൊണ്ട് അയാളുടെ പൊതു സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ മിനക്കെടുന്ന മാദ്ധ്യമങ്ങളും അത് അവസാനിപ്പിക്കണം.

സിനിമയില്‍ സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ജീവഭയം കൊണ്ട് ഒന്നും തുറന്നു പറയാനില്ലെന്നുമുള്ള നടി പാര്‍വ്വതിതിരുവോത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനും, നിര്‍ഭയമായി സത്യങ്ങള്‍ വെളിപ്പെടുത്തുന്നവരുടെ സംരക്ഷണമുറപ്പുവരുത്താനും ആഭ്യന്തര വകുപ്പ് തയ്യാറാവണം.

സിനിമ എന്ന തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിയമിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ട് വര്‍ഷമായിട്ടും പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. ആരെയാണ് സര്‍ക്കാറിന് സംരക്ഷിക്കാനുള്ളത് ? നികുതിപ്പണം ചെലവഴിച്ച് പ്രവര്‍ത്തിച്ച കമ്മീഷന്റെ കണ്ടെത്തലുകള്‍ അറിയാന്‍ പൊതു സമൂഹത്തിന് അവകാശമില്ലേ? എന്നാല്‍ ഇത് ചെയ്യുന്നതിന് പകരം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച പഠനം നടത്താന്‍ പുതുതായി ഒരു മൂന്നംഗ സമിതിയെ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി ഒരു കമ്മീഷനെ വെക്കുക, ആ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൊട്ടു നോക്കാതെ, റിപ്പോര്‍ട്ട് പഠിക്കാന്‍ വേണ്ടി മറ്റൊരു സമിതിയെ നിയമിക്കാനുള്ള ഈ തലതിരിഞ്ഞ നീക്കം ആരെ സംരക്ഷിക്കാനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് പരമാവധി മന്ദഗതിയിലാക്കണമെന്ന അജണ്ട നടപ്പിലാക്കാനാണ് ഇങ്ങനെയൊരു നീക്കമെന്ന് പറയാതെവയ്യ.

അത്രയ്ക്ക് ജീവല്‍ പ്രധാനമായ അനുഭവങ്ങള്‍ കമ്മീഷന് മുമ്ബാകെ നമ്മുടെ കലാകാരികള്‍ പങ്കു വച്ചത് നമ്മുടെ നീതി ന്യായ വ്യവസ്ഥയെ വിശ്വസിച്ചാണ്. അവര്‍ക്ക് നീതി കിട്ടണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം. സിനിമ രംഗത്തെ സ്ത്രീചൂഷണം അവസാനിപ്പാക്കാന്‍ സമഗ്ര നിയമ നിര്‍മ്മാണവും കര്‍മ്മ പദ്ധതിയും ആവിഷ്‌കരിക്കണം. നടിക്ക് നീതി ലഭിക്കണം. രമ പറയുന്നു.