തൊടുപുഴ.സുഹൃത്തുക്കളെ കുത്തിയിട്ട് ഓടാന്‍ ശ്രമിച്ച നിഖില്‍ പൈലിയെ ധീരജ് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചപ്പോളാണ് മാരകമായ കുത്തേറ്റതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ധീരജിനെയും രണ്ട് സുഹൃത്തുക്കളെയും പ്രതികള്‍ കുത്തിയത് കൊല്ലാന്‍ ലക്ഷ്യമിട്ടാണെന്നും ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളായ ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ സംഘം ചേര്‍ന്നാണ് കോളജിന് പുറത്ത് എത്തിയതെന്നും ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥികളല്ലാത്തവര്‍ കോളജില്‍ പ്രവേശിക്കുന്നത് ധീരജും സുഹൃത്തുക്കളായ അഭിജിത്തും അമലും അര്‍ജുനും തടയാന്‍ ശ്രമിച്ചു. പ്രതികള്‍ ഇവരെ കൈയേറ്റം ചെയ്യുകയും നിഖില്‍ പൈലി പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് അഭിജിത്തിന്റെ ഇടത് കക്ഷത്തിന് താഴെയും ഇടത് നെഞ്ച് ഭാഗത്തും അമലിന്റെ വലത് നെഞ്ച് ഭാഗത്തും കഴുത്തിന്റെ ഇടതുഭാഗത്തും കുത്തി. തുടര്‍ന്ന്, ജില്ല പഞ്ചായത്ത് ഓഫിസ് ഭാഗത്തേക്ക് ഓടിപ്പോകാനൊരുങ്ങിയ നിഖിലിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച ധീരജിന്റെ നെഞ്ചിന്റെ ഭാഗത്ത് ആഞ്ഞുകുത്തി കൊലപ്പെടുത്തുകയായിരുന്നു. നിഖില്‍ പൈലിയും രണ്ടാം പ്രതി ജെറിന്‍ ജോജോയും കുറ്റം സമ്മതിച്ചിട്ടുണ്ട്.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അഭിജിത്തിനെയും അമലിനെയും പ്രതികളെ നേരിട്ട് കാണിച്ച് തിരിച്ചറിയല്‍ നടത്താനായിട്ടില്ല. മൂന്നുമുതല്‍ ആറുവരെ പ്രതികള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഒളിവില്‍ പോകാനും സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

അതേസമയം, കൃത്യത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച കത്തി ഇനിയും കണ്ടെത്താനായില്ല. സംഭവത്തിനുശേഷം തിരിച്ചുപോകുമ്‌ബോള്‍ കത്തി കാട്ടിലെറിഞ്ഞു എന്ന ഒന്നാം പ്രതി നിഖില്‍ പൈലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുമായി ബുധനാഴ്ച കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.