തിരുവനന്തപുരം.സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കേസുകൾ പന്ത്രണ്ടായിരം കവിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയർന്നു. തിരുവനന്തപുരം, എറണാകുളം, ജില്ലകളിൽ അതിതീവ്ര വ്യാപനം.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളയിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനിയറിംഗിലും നൂറിലധികം വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒമിക്രോൺ കേസുകളും കുതിച്ചയുരുകയാണ്. 

മുന്നറിയിപ്പുകള്‍ പാലിക്കാത്തത് രാഷ്ട്രീയപാര്‍ട്ടികളാണ്. പാര്‍ട്ടികളുടെ സമ്മേളനങ്ങളും പ്രകടനങ്ങളും സമരങ്ങളും അനുസ്യൂതം വന്‍ജനക്കൂട്ടത്തോടെ നടക്കുന്നു.


അതിജാഗ്രത പാലിച്ചില്ലെങ്കിൽ ആപത്തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി മുന്നറിയിപ്പ് നൽകി. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണമെന്നും രോഗവും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവയ്ക്കരുതെന്നും നിർദ്ദേശം.പരിശോധനകൾ വർധിപ്പിക്കും. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ചേരും.കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ചർച്ചയാകും.സ്കൂളുകളുടെ പ്രവർത്തനവും പുനപരിശോധിക്കും.