കൊച്ചി:
നിയമവിദ്യാർഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ഒത്താശയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോൺഗ്രസ് നേതാക്കൾ. കേസിലെ ഒന്നാം പ്രതിയും മോഫിയയുടെ ഭർത്താവുമായ മുഹമ്മദ് സുഹൈലിന് വേണ്ടിയാണ് കോൺഗ്രസ് നേതാക്കാൾ പൊലീസിനെ സമീപിച്ചത്. 
മുൻ പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ നേതാവും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിന് വേണ്ടി സംസാരിക്കാനെത്തിയത്. സുഹൈലിന്റെ ബന്ധു കൂടിയാണ് ബൂത്ത് പ്രസിഡന്റ്. ആലുവ പൊലീസ് സ്റ്റേഷനിലെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കോൺഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞത്. പ്രതികൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ എത്തിയതിൽ പ്രതികരണവുമായി സിപിഐഎമ്മും രംഗത്തെത്തി. 
കോൺഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവച്ചാണ് കേസിൽ സിപിഐഎം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാർട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ പറഞ്ഞു. നിലവിൽ സ്ത്രീ പീഡനക്കേസിലെ പ്രതികളും കോൺഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്നും ഉദയകുമാർ വ്യക്തമാക്കി.