തിരുവനന്തപുരം .ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു.അന്വേഷണം നടത്താനും തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെതുടര്‍ന്നാണ് നടപടി. സ്ത്രീധന പീഡനത്തിന് പരിഹാരം തേടിയെത്തിയ യുവതിയെയും കുടുംബത്തെയും സിഐ അപമാനിച്ചതിന്‍റെ പേരില്‍ യുവതി ആത്മഹത്യ ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.സുധീറിന്‍റെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലുവയില്‍ ശക്തമായ സമരം ആരംഭിച്ചിരുന്നു.

ശക്തമായ വിമര്‍ശനവും പ്രതിഷേധവും പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. മൊഫിയയുടെ പിതാവിനെ ഇന്നു രാവിലെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. മന്ത്രി പി രാജീവ് മൊഫിയയുടെ വീട്ടിലെത്തി സര്‍ക്കാരിന്‍റെ നടപടി ഉറപ്പുനല്‍കിയിരുന്നു. ഇതിനു പുറമേ വനിതാ കമ്മീഷന്‍ കളിഞ്ഞ ദിവസം തന്നെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നടപടി. ഉത്രവധക്കേസില്‍ അനാസ്ഥകാണിച്ചതിന്‍റെ പേരില്‍ സ്ഥലം മാറ്റപ്പെട്ട ഈ ഉദ്യോഗസ്ഥനെ ആലുവയില്‍ നിയോഗിക്കുകയായിരുന്നു.

ദുര്‍മരണം നടന്ന ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ഒപ്പുവയ്ക്കാന്‍ തന്‍റഎ വീട്ടിലേക്കു വരുത്തിയതും പരാതിയുമായി ചെന്ന അനേകം പേര്‍ക്കുനേരെ മര്യാദാരഹിതമായി പെരുമാറിയതും അടക്കമുള്ള പരാതികള്‍ ഇയാള്‍ക്കു നേരെ ഉയര്‍ന്നിരുന്നു. ഇടതുപക്ഷൾത്തെ ഒരു മന്ത്രിയും ചില നേതാക്കളുമാണ് ഇയാളെ നിലനിര്‍ത്തുന്നതെന്നുവരെ ആക്ഷേപം ഉയര്‍ന്നു. ഇടതുപക്ഷത്തുനിന്നും സിപിഐയുടെ പ്രതിഷേധവും വിമര്‍ശനവും ഉയര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍വാഹമില്ലാതെ നടപടി.

സിഐക്കെതിരെ നടപടി ഉണ്ടായതിന്‍റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആലുവ പൊലീസ് സ്റ്റേഷനുമുന്നില്‍ മൂന്നുദിവസമായി രാപ്പകല്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നീതിലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്‍ ,അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവര്‍ പറഞ്ഞു.