ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം പതിനായിരം ഭക്തര്‍ക്ക് ദർശനം അനുവദിക്കാന്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനം.നിലവിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന അയ്യായിരം പേർക്കായിരുന്നു അനുമതി. ശബരിമല തീർത്ഥാടകർക്ക് ഓൺലൈൻ ബുക്കിങ്ങ് നടത്താതെയുള്ള ദർശനം തുടരാനും യോഗം തീരുമാനിച്ചു.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഡിസംബർ 13, 14, 15 എന്നീ ദിവസങ്ങളിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത പതിനായിരം പേർക്ക് മുൻഗണനാക്രമത്തില്‍ ദർശന സൗകര്യം ഉണ്ടായിരിക്കും.


മണ്ഡല മകരവിളക്ക് കാലത്ത് ഗുരുവായൂർ ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനും ഭരണസമിതി യോഗത്തിൽ തീരുമാനമായി. ഇതിന്‍റെ ഭാഗമായി വഴിപാട് പായസത്തിന് പ്ലാസ്റ്റിക് കണ്ടെയ്നർ ഒഴിവാക്കാനും തീരുമാനിച്ചു.

ദേവസ്വം മെഡിക്കൽ സെന്ററിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങും. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കും. ഒരു മാസത്തിനകം ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഡോക്ടർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായുള്ള തസ്തിക സൃഷ്ടിക്കും .ഇതിനായി സർക്കാരിന്റെ അനുമതി തേടാനും യോഗം തീരുമാനിച്ചു.