പ്രത്യേകലേഖകന്‍

തിരുവനന്തപുരം.പ്രായപരിധി നിബന്ധന കർശനമാക്കുന്നതോടെ സി പി എമ്മിൻ്റെ ഒരുസംഘം നേതാക്കൾ യുവതലമുറയ്ക്കായി വഴി മാറേണ്ടി വരും. കേന്ദ്ര- സംസ്ഥാന കമ്മിറ്റികളിൽ വലിയ മാറ്റമുണ്ടാകുന്നതാണ് പുതിയ പ്രായപരിധി മാനദണ്ഡം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള ചുരുക്കം ചില നേതാക്കൾക്കു മാത്രമാകും ഇളവ് ലഭിക്കുക. 

പ്രായപരിധി നിബന്ധന കർശനമാക്കാനുള്ള പാർട്ടി തീരുമാനം തലയെടുപ്പുള്ള ഒരു പിടി സി പി എം നേതാക്കളുടെ വഴി തന്നെ അടയ്ക്കുന്നതാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ
കേരളത്തിൽ നിന്ന് പിണറായി വിജയനും  എസ്.രാമചന്ദ്രൻ പിള്ളയുമാണ് 75 എന്ന പ്രായ പരിധിക്കു പുറത്തുള്ളവർ. മുഖ്യമന്ത്രി കൂടിയായ പിണറായിക്ക് കേന്ദ്ര നേതൃത്വം ഇത്തവണ ഇളവ് നൽകും എന്നുറപ്പാണ്. എന്നാൽ  83 വയസ്സ് പിന്നിട്ട എസ്ആർപി പിബിയിൽ ഇത്തവണ ഉണ്ടായേക്കില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രത്യേക പരിഗണന നൽകിയാണ് പിബിയിൽ തുടരാൻ എസ് ആർ പി യെ അനുവദിച്ചത് അത് ഇനി ലഭിച്ചേക്കില്ല. ഇത്തവണ പിബിയിൽ നിന്ന് ഒഴിവാക്കുന്ന എസ് ആർ പി യെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കാനാണ് സാധ്യത.


കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ പി.കരുണാകരനും വൈക്കം വിശ്വനും  75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ് എന്നിവരും ഒഴിവാക്കപ്പെടും. സ്കൂൾ രേഖകളിൽ 75 ആയെങ്കിലും അത്രയും പ്രായമില്ലെന്നു അവകാശപ്പെടുന്ന ജി.സുധാകരന് സംസ്ഥാന കമ്മിറ്റിയിൽ തുടരാൻ പ്രത്യേക ഇളവ് നൽകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി.സഹദേവൻ, പി.പി.വാസുദേവൻ, സി.പി.നാരായണൻ എന്നിവർ സംസ്ഥാന സമിതിയിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് ഉറപ്പ്.  ഇതോടെ യുവാക്കൾക്ക് നേതൃത്വത്തിലേക്ക് വഴി തെളിയും.

ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായതോടെ എ.എ.റഹിം സംസ്ഥാന സമിതിയിലെത്തുമെന്ന് ഉറപ്പാണ്. എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ ബഹുജന സംഘടനകളുടെ ഭാരവാഹികളും നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടും. എല്ലാ കമ്മറ്റികളിലും 10 ശതമാനം വനിതകളുണ്ടാകണമെന്നതും നേതൃതലത്തിലെ സ്ത്രീ സാനിധ്യം കൂടുതൽ ഉറപ്പുവരുത്താർ പോകുന്നതാണ്.ഒഴിവാക്കപ്പെടുന്നവരെ പാർട്ടി സംരക്ഷിക്കുമെന്ന ഉറപ്പ് സി പി എം നേതൃത്വം ഇതിനോടകം നൽകിയിട്ടുണ്ട്.

താഴെ തട്ടു മുതൽ മുകൾതട്ടു വരെ കൂടുതൽ കരുത്തുപിടിപ്പിക്കുന്നതിനാണ് പാർട്ടിയെ തലമുറ മാറ്റം സി പി എം പരീക്ഷിക്കുന്നത്.