തിരുവനന്തപുരം .- 727 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന പൂജപ്പുര സെൻട്രൽ ജയിലിൽ 1350 തടവുകാരെ പാർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ കോന്നിയിലും നെടുമങ്ങാട്ടും സ്ഥാപിക്കുന്ന ജയിലുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
ഉത്തരവിൻമേൽ സ്വീകരിക്കുന്ന നടപടികൾ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ജയിൽസ്) ഡിസംബർ 23 ന് മുമ്പായി സമർപ്പിക്കണം. കേസ് ഡിസംബർ 29 ന് പരിഗണിക്കും.
ജയിൽ വിഭാഗം ഡി ജി പി വിശദീകരണം സമർപ്പിച്ചിരുന്നു. ദക്ഷിണ മേവലയിലെ ജയിലുകളിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് തടവുകാരെ മാറ്റുന്നത് പതിവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലാ ജയിലുകളുടെ നിർമ്മാണം നടന്നു വരികയാണ്.

കോന്നിയിലും നെടുമങ്ങാടും ജയിലുകളുടെ പ്രവർത്തനം ആരംഭിച്ചാൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കാനാവും. കോന്നിയിൽ സെൻട്രൽ ജയിലാണ് നിർമ്മിക്കുന്നത്.
എണ്ണത്തിന്റെ ഇരട്ടിയോളം അന്തേവാസികളെ പാർപ്പിക്കുന്നത് തടവുകാർക്ക് ശാരീരിക – മാനസിക പ്രയാസങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചൂണ്ടിക്കാണിച്ചു. ജയിലിൽ അച്ചടക്കവും സമാധാനാന്തരീക്ഷവും നിലനിർത്താൻ ഇത് ബുദ്ധിമുട്ടുണ്ടാക്കും.

കോന്നിയിലും നെടുമങ്ങാടും നിർമ്മിക്കുന്ന ജയിലുകൾ എന്ന് പൂർത്തിയാകുമെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. എന്തായാലും പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരുടെ എണ്ണം കുറയ്ക്കേണ്ടത് അടിയന്തിരവും അനിവാര്യവുമായ കാര്യമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഉത്തരവിന്റെ പകർപ്പയച്ചു. പി.കെ. രാജു സമർപ്പിച്ച പരാതിയിലാണ് നടപടി.