പാരിപ്പളളി . വീട്ടിന് സമീപമുളള റോഡില്‍ വച്ച് വൃദ്ധയുടെ മാല കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പളളി കിഴക്കനേല വട്ടയം ചരുവിള പൂത്തന്‍വീട്ടില്‍ സത്താര്‍ മകന്‍ ഷാനവാസ് (അപ്പുണ്ണി, 23) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 8ന് ഉച്ചയ്ക്ക് വീട്ടിന് സമീപമുളള മകളുടെ വീട്ടിലേക്ക് പോയ നെട്ടയം സ്വദേശിനിയായ ജമീല ബീവിയുടെ (75) മാലയാണ് ഇയാള്‍ കവര്‍ന്നത്.

ഇവരുടെ പിന്നാലെയെത്തി കഴുത്തില്‍ കിടന്ന രണ്ടു പവന്‍റെ സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്. മുഖത്ത് മാസ്ക് ധരിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതിയുടെയും സഹായിയുടെയും ദൃശ്യങ്ങളില്‍ നിന്നും ഇവരെ സംബന്ധിച്ച് വ്യക്തത വരുകയായിരുന്നു.

പോലീസ് മനസിലാക്കിയെന്ന് അറിഞ്ഞ് ഇയാള്‍ അട്ടപ്പാടിയിലേക്കും അവിടെ നിന്നും ചെന്നൈയിലേക്ക് പോയതായും മനസിലാക്കി പോലീസ് സംഘം ഇയാളെ പിന്‍തുടര്‍ന്ന് പാലക്കാട് ഷൈര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍റെ സമീപം നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിറ്റ സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്സ്.ഐ മാരായ അനൂപ് സി നായര്‍, പ്രദീപ് കുമാര്‍, എ.എസ്.ഐ അഖിലേഷ്, സി.പി.ഓ മാരായ സന്തോഷ്, അജൂ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.