കൊച്ചി: ആലുവയിൽ ഭർതൃ പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീൺ കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയ ആലുവ സി ഐ സുധീറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം റൂറൽ എസ് പി ഓഫിസിനു മുന്നിൽ മോഫിയയുടെ സഹപാഠികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.തുടർന്ന് ഇവരെ പോലിസ് ബലമായി കസ്റ്റഡിയിൽ എടുത്ത് നീക്കി.

ഇന്ന് രണ്ടു മണിയോടെയാണ് മോഫിയ പർവീൺ പഠിച്ചിരുന്ന അൽ അസർ കോളജിലെ സഹപാഠികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ആലുവ എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.പോലിസ് ഇവരെ ബാരിക്കേഡ് ഉപയോഗിച്ച്‌ തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. പോലിസ് സ്‌റ്റേഷനിൽ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു.

സമരം നടത്തിയ വിദ്യാർഥികളെ പോലിസ് വൈകുന്നേരത്തോടെ സ്ഥലത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത് നീക്കി. എസ്പി ക്ക് പരാതി നൽകാൻ എത്തിയപ്പോഴാണ് പോലിസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.സമാധാനപരമായി സമരം ചെയ്ത തങ്ങളെ പോലിസ് അകാരണമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു.കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികലെ എടത്തല പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here