തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യതയിൽ വ്യാജ രേഖകൾ സമർപ്പിച്ചെന്ന പരാതിയിൽ ഷാഹിദ കമാലിനോട് ചോദ്യങ്ങളുമായി ലോകായുക്ത . നിങ്ങൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണമെന്നും ലോകായുക്ത. ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി എങ്ങനെയാണ് ഷാഹിദ കമാലിന്റെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ അറിഞ്ഞതെന്നും കോടതി ചോദിച്ചു.

നേരത്തേ, വിദ്യാഭ്യാസ യോഗ്യതയിൽ കള്ളം പറഞ്ഞെന്ന് സമ്മതിച്ച്‌ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ രംഗത്തെത്തിയിരുന്നു.. ഡോക്ടറേറ്റ് വിവാദത്തിൽ ലഭിച്ച പരാതിയിൽ ലോകായുക്തയ്ക്കു നൽകിയ മറുപടിയിലാണ് ഷാഹിദ ഇക്കാര്യം വ്യക്തമാക്കിയത്. 2009ൽ കാസർകോട് ലോക്സഭാ സീറ്റിലും 2011ൽ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസയോഗ്യത ബി.കോം ആണ് കാണിച്ചിരുന്നത്. ഇതേക്കുറിച്ച്‌ പരാതി ഉയർന്നപ്പോൾ ബി.കോം പാസായിട്ടില്ലെന്നും കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റായിരുന്നെന്നും 2015ലാണ് താൻ അണ്ണാമലൈ യൂണിവേഴ്സറ്റിയിൽ നിന്ന് ഡിഗ്രിയും പിജിയും നേടിയെന്നായിരുന്നു ഷാഹിദയുടെ വാദം.

ഡോക്ടറേറ്റ് വിവാദത്തിലും പുതിയ ന്യായീകരണവുമായി ഷാഹിദ കമാൽ രംഗത്തെത്തിയിരുന്നു. വിയറ്റ്നാമിൽ നിന്നുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാൽ ആദ്യം പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഫേസ്ബുക്കിലും ഷാഹിദ കമാൽ കുറിച്ചത്. എന്നാൽ ഇപ്പോൾ ലോകായുക്തയ്ക്ക് നൽകിയിരിക്കുന്ന രേഖയിൽ പറയുന്നത്, ഖസാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഒഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചത് എന്നാണ്. പല പ്രമുഖർക്കും പ്രസ്തുത സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്നുണ്ടെന്നും, അത്തരമൊരു ഡോക്ടേറ്റ് സ്വീകരിക്കുന്നതിലോ, പേരിനൊപ്പം വയ്ക്കുന്നതിലോ തെറ്റില്ലെന്നാണ് ഷാഹിദ കമാലിന്റെ വിശദീകരണം.

വനിതാകമ്മിഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന് കാണിച്ച്‌ വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മിഷൻ വെബ്‌സൈറ്റിൽ ഫോട്ടോയ്ക്ക് താഴെ ചേർത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here