തൃശൂര്‍. കുതിരാൻ ഒന്നാം തുരങ്കത്തിൽ ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിട്ട് ട്രയൽ റൺ ആരംഭിച്ചു. രണ്ടാം തുരങ്ക നിർമാണത്തിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തുന്നത്. ട്രയൽ റൺ വിജയകരമാണെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം രണ്ടാം തുരങ്കത്തിലെ പാറ പാെട്ടിക്കൽ അടക്കമുള്ള നിർമാണ ജോലികൾ തുടങ്ങും.

കുതിരാനിലെ രണ്ടാം തുരങ്കം ഉടൻ ഗതാഗതത്തിന് സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗതാഗത പരിഷ്കരണങ്ങൾ. ഒന്നാം തുരങ്കത്തിലൂടെ തൃശൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കൂടി കടത്തി വിട്ടു തുടങ്ങി. നേരത്തെ പാലക്കാട്‌ നിന്നുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഒന്നാം തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നത്. തൃശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്കുള്ള സാമാന്തര പാത അടച്ചു. ട്രയൽ റണിനിടെ എന്തെങ്കിലും തടസങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും.

ട്രയൽ റൺ വിജയമായാലും മൂന്ന് ദിവസത്തിന് ശേഷമേ സമാന്തര പാതയിലെ നിർമാണ ജോലികൾ നടക്കുകയുള്ളൂ. വഴുക്കും പാറ മുതൽ റോഡിന് നടുവിലും തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. വേഗനിയന്ത്രണത്തിനുള്ള ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിവെെഡറുകളും ട്രാഫിക് സിഗ്നനൽ ബോർഡുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ട്രയൽ റണ്ണിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തൃശൂർ സിറ്റി പോലീസ് പുറത്തിറക്കിയിട്ടുണ്ട്. തുരങ്കത്തിനകത്തും നിർമാണം നടക്കുന്ന റോഡിലും ഓവർ ടേക്കിംഗ് നിരോധിച്ചു. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റിലായി 24 പോലീസുകാരെ തുരങ്കത്തിൽ നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം കുതിരാനിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ നിർമാണ കമ്പനിയുടെ 12 സുരക്ഷാ ജീവനക്കാരും ഉണ്ടാകും. അപകടം ഉണ്ടായാൽ സഹായത്തിന് ആംബുലൻസുകളും റിക്കവറി വാഹനങ്ങളും തയ്യാറായിട്ടുണ്ട്.