മലപ്പുറം. പരാതി പിൻവലിക്കാൻ പൊലീസ് സമ്മര്‍ദ്ദമുണ്ടായതായി ആരോപിച്ച് വീട്ടമ്മ രംഗത്ത്; മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാൻ എത്തിയ വീട്ടമ്മക്കാണ് ദുരനുഭവമുണ്ടായത്; സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെയാണ് യുവതിയുടെ പരാതി

തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ടാണ് കുറ്റിപ്പുറം പാപ്പിനിശേരി സ്വദേശിയായ റസിയ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നൽകാൻ എത്തിയത്. എന്നാൽ പരാതി നൽകുമ്പോഴും മൊഴിയെടുക്കുന്ന സമയത്തും സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫിസര്‍ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മർദ്ദം ചൊലുത്തിയെന്നാണ് റസിയ പറയുന്നത്. കുറ്റിപ്പുറം എസ്.എച്ച്.ഒ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പരാതിയില്‍ തെളിവുകളില്ലെന്നും കോടതി തള്ളുമെന്നും പറഞ്ഞ് വീട്ടമ്മയെ മാനസിക സമ്മർദ്ദത്തിലാക്കി. അപവാദം പ്രചരിപ്പിച്ചയാളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടും തെളിവില്ലന്നായിരുന്നു ഈ പോലീസുകാരന്റെ മറുപടി.

പൊലീസുകാരനെതിരെ നടപടി ആവശ്യപെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് റസിയ പറഞ്ഞു. അതേസമയം ഉദ്യോഗസ്ഥനെതിരായ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും കേസില്‍ പ്രതിയായ പി.കെ. മുഹമ്മദലിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു എന്നാണ് കുറ്റിപ്പുറം എസ് എച്ച് ഒ പറയുന്നത്