തിരുവനന്തപുരം.കുഞ്ഞിനെ തിരികെ ലഭിച്ചെങ്കിലും തന്റെ നിയമ- സമര പോരാട്ടം തുടരുമെന്ന് അനുപമ…കുഞ്ഞിനെ തന്നിൽ നിന്നകറ്റിയവർക്കെതിരെ, നടപടി സ്വീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം…എന്നാൽ, നിലവിലെ രീതി മാറ്റിയാകും സമരം…


ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതിന് ഒപ്പം തന്നിൽ നിന്നും കുഞ്ഞിനെ അകറ്റിയവർക്ക് എതിരെയുള്ള സമരം തുടരുമെന്നാണ് അനുപമ ആവർത്തിക്കുന്നത്. കുഞ്ഞുമായി കോടതിയിൽ നിന്ന് ആദ്യമെത്തിയ സമരപന്തലിൽ വച്ചും, പിന്നീട് വീട്ടിൽ വച്ചും അനുപമ വ്യക്തമാക്കിയതാണിത്. നിലവിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ സുനന്ദയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രാപ്പകൽ സമരം നടത്തുകയായിരുന്നു അനുപമയും അജിത്തും. എന്നാൽ കുഞ്ഞുമായി ഈ സമരം തുടരാൻ ആകാത്തത് കാരണം, പോരാട്ട രീതി മാറ്റാനാണ് അനുപമയുടെ തീരുമാനം. അതെങ്ങനെ എന്നതിൽ ഇന്ന് വ്യക്തത വരുത്തും എന്നാണ് അനുപമ വ്യക്തമാക്കിയത്.

വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം. കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ ശിശുക്ഷേമ സമിതിക്കും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ഗുരുതര വീഴ്ചയുണ്ടായെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അന്വേഷണം നടത്തിയ വനിതാ ശിശു വികസന ഡയറക്ടർ ടി വി അനുപമ ഇതെല്ലാം അക്കമിട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ സമിതി സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യുസി ചെയർപേഴ്സണ്‍ സുനന്ദയും നിയമപരമായി കുടുങ്ങും എന്നതിൽ സംശയമില്ല. ഒപ്പം നിരവധി പരാതികൾ ലഭിച്ചിട്ടും അനങ്ങാത്ത പേരൂർക്കട പോലീസിനും, മറുപടി പറയേണ്ടിവരും.