കൊച്ചി:
കൊച്ചിയിലെ മോഡലുകളുടെ മരണത്തില്‍ അപകടം നടന്ന കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ ഇന്ന് ചോദ്യം ചെയ്‌തേക്കും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് പല തവണ നോട്ടീസ് നല്‍കിയിരുന്നു. ഷൈജുവിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടത്തിന് മുന്‍പ് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ഷൈജു നേരത്തെ നല്‍കിയ മൊഴിയും കേസിലെ പ്രതി അബ്ദുറഹ്മാന്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വീണ്ടും പരിശോധിക്കും. ഹോട്ടല്‍ ഉടമ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും കായലില്‍ തുടരും. ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് സംശയിക്കുന്ന വസ്തു മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചുവെന്നും ഇത് തിരികെ കായലിലേക്ക് എറിഞ്ഞുവെന്നും പൊലീസ് പറയുന്നു. മത്സ്യ ബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ അലൂമിനിയം നിര്‍മിത വസ്തു തിരികെ കായലിലേക്ക് എറിഞ്ഞുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം. മറ്റാരു ഹാര്‍ഡ് ഡിസ്‌കിന്റെ ഫോട്ടോ മത്സ്യത്തൊഴിലാളികളെ കാണിച്ചിരുന്നുന്നു. കായലില്‍ നിന്ന് ലഭിച്ചത് ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് ആകാമെന്ന നിഗമനത്തിലാണ് പൊലീസ്.