ചെറുതോണി . ഇതാണോ ചുരുളിയുടെ സംസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’യിലെ ഭാഷാപ്രയോഗവും അസഭ്യവും മലയാള സിനിമയില്‍ ചര്‍ച്ചയാകുമേ്ബാള്‍ സിനിമയില്‍ ചിത്രീകരിച്ചപോലെയല്ല തങ്ങളുടെ ജീവിതമെന്ന് നേരിട്ടും സമൂഹമാധ്യമങ്ങളിലും പറയുകയാണ് ഇടുക്കി ജില്ലയിലെ ചുരുളി നിവാസികളും അവരെ അറിയുന്നവരും.

നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍പെട്ട ചുരുളി. 1960കളില്‍ ചുരുളി കീരിത്തോട്ടില്‍ കുടിയേറിയ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാന്‍ ബലപ്രയോഗം നടത്തി. കീരിത്തോട്ടിലും ചുരുളിയിലും ലാത്തിച്ചാര്‍ജ് അടക്കം പീഡനങ്ങള്‍ക്ക് കര്‍ഷകര്‍ ഇരയായി. എ.കെ.ജി, ഫാ. വടക്കന്‍, മത്തായി മാഞ്ഞൂരാന്‍ എന്നിവരടക്കമുള്ളവര്‍ കീരിത്തോട്ടിലും ചുരുളിയിലും സമരത്തിന് നേതൃത്വം നല്‍കി. എ.കെ.ജി നിരാഹാരം അനുഷ്ഠിച്ചു. അങ്ങനെ വളര്‍ന്നുവന്ന ഗ്രാമമാണ് ചുരുളി. പിന്നീട് വന്ന സര്‍ക്കാര്‍ കുടിയിരുത്തിയ മലയോരകര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമ എന്ന് നാട്ടുകാര്‍ പറയുന്നു.

ഒരു മദ്യശാലപോലുമില്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖച്ഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമയിലെ ചിത്രീകരണമെന്ന് ഇവര്‍ പറയുന്നു.

സിനിമയും അതേച്ചൊല്ലിയുള്ള വിവാദവും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നാട്ടിലും വിദേശത്തുമുള്ളവര്‍ ‘ഇതാണോ ചുരുളിയുടെ സംസ്‌കാരം’ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുന്നു. സിനിമക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങുകയാണ് ചുരുളി നിവാസികള്‍.