ചില നിസ്വാർത്ഥ സ്നേഹങ്ങൾ നമ്മുടെ മനസ്സും കണ്ണും നിറയ്ക്കും.  വാഗമണിൽ ഒരു ചെറിയ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന്റെ അനുഭവവും ഹോട്ടൽ നടത്തുന്ന അമ്മ വിളമ്പിയ സ്നേഹത്തിന്റെ സന്തോഷവും പങ്കുവച്ച് നടൻ ജയസൂര്യ.ഊണിനൊപ്പം കൊച്ചുമകനായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പങ്കും തനിയ്ക്കായി നൽകിയ അമ്മയുടെ ചിത്രവും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്.

“ഇവിടുത്തെ കുഞ്ഞിന് സ്കൂളിൽ കൊണ്ടുപോവാൻ ഉണ്ടാക്കിയതാണ്, കൊറച്ച് മോനും കഴിച്ചോ,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ജയസൂര്യ കുറിക്കുന്നത്.


നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതറി’ന്റെ ചിത്രീകരണത്തിനായാണ് ജയൂസര്യ വാഗമണ്ണിൽ എത്തിയത്. വാഗമണ്ണിൽ ചിത്രീകരണത്തിനായി പോകുമ്പോള്‍ പതിവായി കയറാറുള്ള കടയാണിത്.

ഒരുദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുവേണ്ടിയാണ് ജയസൂര്യ ഹോട്ടലിൽ കയറിയത്. ‘എന്നാ ഉണ്ടടാ ഉവ്വേ’ എന്ന് ചോദിച്ച് കോട്ടയം ശൈലിയിൽ ജയസൂര്യയെ സ്വീകരിച്ചിരുത്തിയ ചേട്ടത്തി ആദ്യം വിളമ്പിയത് ഇഡ്ഢലിയും സാമ്പാറുമാണ്.

അതിനൊപ്പം വീട്ടിലെ ആവശ്യത്തിനായി വച്ച ബീഫ് കറിയും അമ്മ ജയസൂര്യയ്ക്കു വിളമ്പി. അമ്മയുടെ കൊച്ചുമക്കളെയും തനിക്കൊപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച ശേഷമാണ് താരം മടങ്ങിയത്.


ഈശോ, മേരി ആവാസ് സുനോ, ലോൺ ലൂതർ എന്നീ ചിത്രങ്ങളും ജയസൂര്യയുടേതായി അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒപ്പം, രാമസേതു, കത്തനാർ, ആട് 3, ടർബോ പീറ്റർ എന്നിവയും താരത്തിന്റേതായി അനൗൺസ് ചെയ്തു കഴിഞ്ഞു.

അടുത്തിടെ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ജയസൂര്യ നേടിയിരുന്നു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയമാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.