കുതിരാൻ തുരങ്കത്തിൽ വ്യാഴാഴ്ച മുതൽ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തി വിടുന്നതിന്‍റെ ട്രയല്‍ റണ്‍ ആരംഭിക്കും. നേരത്തെ തൃശൂർ ഭാഗത്തേക്ക് മാത്രമാണ് തുരങ്കത്തിനകത്ത് കൂടി ഗതാഗത മനുവദിച്ചത്. പാലക്കാടേക്കുള്ള വാഹനങ്ങളും വ്യാഴാഴ്ച മുതൽ തുരങ്കത്തിനകത്ത് കൂടി കടത്തി വിടും.

കുതിരാനിൽ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇരുമ്പുപാലത്തിന് സമീപമുള്ള വില്ലൻവളവു മുതൽ രണ്ടാം തുരങ്കം വരെയുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി നിലവിൽ പാലക്കാട് ഭാഗത്തേയ്ക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാത പൊളിച്ചു നീക്കണം. ഈ സാഹചര്യത്തിലാണ് ഒന്നാം തുരങ്കത്തിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാനുള്ള തീരുമാനം.

ഇതിനായുള്ള ഒരുക്കങ്ങള്‍ പൂത്തിയായതായി അധികൃതര്‍ അറിയിച്ചു. ദേശീയപാതയിൽ വില്ലൻവളവു മുതൽ വഴുക്കുംപാറവരെ ട്രാഫിക് ട്യൂബുകളും, സിഗ്‌നൽ ലൈറ്റുകളും, ദിശാ ബോർഡുകളും സ്ഥാപിച്ചു. റോഡിനു നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചാണ് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കുന്നത്.

വാഹനങ്ങളുടെ വേഗ നിയന്ത്രണം കർശനമാക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിൽ ഹമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിന് ഇരുവശവും ആംബുലൻസ് സംവിധാനവും ക്രെയിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും വാഹനങ്ങൾ ഓവർടേക്കിങ്ങ് അനുവദിക്കുകയില്ല. കുതിരാനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. മുഴുവൻ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പോലീസുദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും