കുമളി:
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തുറന്ന ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. നിലവിൽ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിലെ ഏഴ് ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. 
ഏഴ് ഷട്ടറുകളിൽ മൂന്നെണ്ണം 60 സെന്റിമീറ്ററും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയർത്തിയിരുന്നത്. ജലനിരപ്പിൽ വ്യത്യാസം വന്നതോടെയാണ് രണ്ട് ഷട്ടറുകൾ അടച്ചത്. നിലവിൽ 141.50 അടിയാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്. 
ആളിയാർ ഡാമിലെ 11 ഷട്ടറുകൾ തുറന്നിട്ടുണ്ട്. 4500 ക്യൂസെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്. പൊന്മുടി ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. മൂന്ന് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തുക.