2021 നവംബർ 24 ബുധൻ

🙏 പാലക്കാട്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍കൂടി അറസ്റ്റിൽ . കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അറസ്റ്റിലായത് .
ഈ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ്.

🙏 ശബരിമല തീർത്ഥാടനം ഒരാഴ്ച്ച പിന്നിടുന്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കേ രാധാകൃഷ്ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും.

🙏 ദത്ത് കേസ് അന്തിമ ഘട്ടത്തിലേക്ക്…കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ശിശുവികസനവകുപ്പ് ഇന്ന് കോടതിയെ സമീപിക്കും…നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയേക്കും

🙏 പൊൻമുടി ഡാം 9 മണിക്ക് തുറക്കും. പൊന്മുടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 60 സെൻറീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം ഘട്ടംഘട്ടമായി രാവിലെ 9 മണി മുതൽ പന്നിയാർ പുഴയിലേക്ക് ഒഴുക്കിവിടുന്നു.

🙏ട്രെയിനില്‍ വെച്ച്‌ യുവതിയെ കടന്ന് പിടിച്ച പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയായ പതിനേഴ് വയസുകാരനെയാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.
കോഴിക്കോട് വടകര സ്വദേശിനിയായ 33 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ച 2.30ന് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് കൊല്ലം റെയില്‍വേ സ്​റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം.

🙏 ബലാൽസംഗ കേസിൽ ഒളിൽപോയ പ്രതിയേ മൂന്ന് വർഷത്തിനു ശേഷം ജൻമനാടായ ആസാമിൽ നിന്നും പോലീസ് പിടികൂടി; 2018 ൽ മലപ്പുറം വണ്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്; തീവ്രവാദ ഭീഷണിയുള്ള മേഖലയിൽ നിന്നും വിദഗ്ധമായി കമാഡോ കളേ ഉപയോഗിച്ച് വീട് വളഞ്ഞാണ് പ്രതിയേ പിടികൂടിയത്

🙏കൊച്ചിയില്‍ മോഡലുകളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. ദുരൂഹ ഇടപാടുകളുടെ പേരില്‍ ആരോപണ വിധേയമായ ഫോര്‍ട്ട് കൊച്ചിയിലെ നമ്പർ 18
ഹോട്ടലിലെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയില്‍ എടുത്തത്. ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത് ഈ കാര്‍ ആയിരുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

🙏മഴയും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ ഒന്‍പത് ദിവസമായി നിറുത്തിവച്ചിരുന്ന തിരുവനന്തപുരം – നാഗര്‍കോവില്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗതം ഇന്നലെ വൈകിട്ടോടെ ഭാഗികമായി പുനരാരംഭിച്ചു.ഇന്നലെ വൈകിട്ട് 6ന് നാഗര്‍കോവില്‍ പാസഞ്ചറാണ് ആദ്യം സര്‍വീസ് നടത്തിയത്. രാത്രിയോടെ മറ്റ് ചില ട്രെയിനുകളും ഓടിത്തുടങ്ങി. ഇന്നലെ രാവിലെ റൂട്ടില്‍ എന്‍ജിന്‍ മാത്രവും തുടര്‍ന്ന് യാത്രക്കാരില്ലാതെയും ട്രെയിന്‍ ഓടിച്ച്‌ മണ്ണിടിച്ചില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടര്‍ന്നാണ് വൈകിട്ടോടെ സര്‍വീസുകള്‍ പുനഃരാരംഭിച്ചത്.

🙏 മലപ്പുറം നിലമ്പൂർ എടക്കരയിൽ നാടൻ തോക്കും തിരകളും പിടികൂടി; എടക്കര ബാലംകുളം സ്വദേശി സുഫിയാൻ്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാടൻ തോക്കും 11 തിരകളും പിടികൂടിയത്;

🙏 നീരൊഴുക്ക് ശക്തം മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റമില്ല. ഏഴ് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് 141.55 അടിയായി തുടരുന്നു.

🙏 മലപ്പുറം മേൽമുറി ഹൈവേയിൽ മയക്കുമരുന്ന് വേട്ട;
അന്താരാഷ്ട്രമാർക്കറ്റിൽ 15 ലക്ഷം വില വരുന്ന 311 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിലായി

🙏കുടുംബ ബജറ്റ് താളം തെറ്റിച്ച്‌ കേരളത്തില്‍ പച്ചക്കറിവില കുതിക്കുന്നു. തക്കാളി വില നൂറ് രൂപ പിന്നിട്ടപ്പോള്‍ ഇരുന്നൂറ് രൂപ പിന്നിട്ടിരിക്കുകയാണ് മുരിങ്ങക്കായ വില.
കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളില്‍ 80 ശതമാനം വരുന്ന സാധനങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് വിപണികളില്‍. മൂന്നാഴ്ചയ്ക്കിടെ മാത്രം 50 ശതമാനത്തോളമാണ് വിവിധ പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നത്.
തക്കാളി, വെണ്ട, പയര്‍ തുടങ്ങിയവയാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്.

🙏സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് ഡിസംബര്‍ 7ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് 115 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.ഇതില്‍ 21 പേര്‍ സ്ത്രീകളാണ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍ വാര്‍ഡില്‍ നാലും പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാര്‍ ഡില്‍ മൂന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡില്‍ മൂന്നും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട് വാര്‍ഡില്‍ ആറും കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡില്‍ ആറും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

🙏കോവളത്തെ ഹോട്ടലില്‍ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ പൗരന്‍ ഇര്‍വിന്‍ ഫോക്‌സിനെ (77) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇയാളെ യു.എസ് കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ പൊലീസ് നടപടി തുടങ്ങിയെങ്കിലും തിരികെ പോകാന്‍ ഇര്‍വിന്‍ വിസമ്മതിച്ചു. ഇര്‍വിന്റെ നാട്ടിലെ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമം തുടരുകയാണ്. എന്നാല്‍ ബന്ധുക്കളെ കാണേണ്ടെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. മടക്കി അയയ്ക്കുന്നത് ഇര്‍വിന്റെ സമ്മതത്തോടെ മാത്രമേ സാധിക്കൂ എന്ന് അദ്ദേഹത്തോടെ സംസാരിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിച്ചു.