കാഞ്ഞിരപ്പള്ളി. റോഡ് തടഞ്ഞ് സിനിമാ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കടുവയുടെ സെറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്. സിനിമ താരം ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ ഷുട്ടിങ് സ്ഥലത്തെക്ക് മാര്‍ച്ച് നടത്തിയത്. സിനിമയ്ക്ക് ചിത്രീകരണാനുമതി ഉണ്ട് എന്നാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

പൊന്‍കുന്നത്തെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രശ്നം നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

കാഞ്ഞിരപള്ളി കുന്നുംഭാഗത്ത് റോഡില്‍ ഗതാഗതം തടസപ്പെടുത്തി സിനിമ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രതിഷേധ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എംകെ ഷമീര്‍, കെഎസ് യു ജില്ലാ സെക്രട്ടറി അടക്കം അടക്കമുള്ള നേതൃത്വം തടസപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

വൈറ്റില ഹൈവേ ഉപരോധത്തെ തുടര്‍ന്നുള്ള ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ്സ് തര്‍ക്കത്തില്‍ സമവായ ശ്രമങ്ങളെല്ലാം പാളിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ജോജുവിനെതിരെ നിലപാട് ആവര്‍ത്തിച്ചതോടെ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കാന്‍ എറണാകുളം ഡിസിസി തീരുമാനിക്കുകയും ചെയ്തു. .

പരസ്പര വിട്ടു വീഴ്ചയില്‍ ഖേദം അറിയിച്ച് കേസില്‍ നിന്ന് പിന്മാറുക എന്നതിനായിരുന്നു നീക്കം നടത്തിയത്. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളും ജോജു ജോര്‍ജ്ജിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ധാരണയായെങ്കിലും കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിനെതിരെ വിമര്‍ശനം കടുപ്പിച്ചതാണ് തിരിച്ചടിയായത്.

സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം അക്കൗണ്ടുകള്‍ താത്കാലികമായി റദ്ദാക്കി പരസ്യപ്രസ്താവനകള്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ജോജു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളോ മുതിര്‍ന്ന താരങ്ങളോ ഇടപെടുമെന്ന സൂചന ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും അത്തരം നീക്കങ്ങളും നിലവിലില്ല. അമ്മയുടെ മൗനത്തിനെതിരെ ഗണേഷ്‌കുമാര്‍ എംഎല്‍എ മാത്രമാണ് പ്രതികരിച്ചത്.