തൃശൂർ: കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളും അതിനാൽ സംഭവിക്കുന്ന ദുരന്തങ്ങളും നിരന്തരം അനുഭവിച്ചിട്ടും അതൊന്നും നമ്മുടെ പ്രവൃത്തിയേയോ മുന്നോട്ടുള്ള പ്ലാനിംഗിനേയോ വികസന സങ്കൽപങ്ങളേയോ സ്വാധീനിച്ചിട്ടില്ലെന്നും അത് സാധ്യമാകാതെ കേരളത്തിൽ പാരിസ്ഥിതിക ദുരന്തങ്ങൾ അവസാനിക്കില്ലെന്നും കെ.എഫ്.ആർ.ഐയിലെ രജിസ്ട്രാറും സയൻറിസ്റ്റുമായ ഡോ: ടി.വി സജീവ് പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഗ്രീൻ കേരള സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും നമ്മുടെ വികസന പ്രവർത്തനങ്ങൾ ഒന്നും സംഭവിക്കാത്തതു പോലെയാണ്. നാം ചിന്തിക്കുന്നത് പഴയ രീതിയിലാണ്. അത് കൂടുതൽ അപകടത്തിലേക്കാണ് നമ്മെ കൊണ്ട്ചെന്നെത്തിക്കുക. നമ്മേക്കാൾ സമ്പന്നമായ രാജ്യമായ സിങ്കപ്പൂർ അതിവേഗ റെയിൽ വേണ്ടെന്ന് വെച്ചത് സാമ്പത്തികമായി ലാഭകരമല്ല എന്നതുകൊണ്ടാണ്. കേരളത്തിൻറെ എത്രയോ ഇരട്ടി ജിഡിപിയുള്ള രാജ്യം പോലും വെണ്ടെന്നു വെച്ച ഒരു പദ്ധതി നമുക്കെങ്ങനെയാണ് ലാഭകരമാകുകയെന്ന് ആലോചനക്ക് വിധേയമാക്കെണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസുഖങ്ങൾ ധാരാളമുള്ള ഒരാൾക്ക് ഒരു അത്യാഹിതം സംഭവിച്ചാൽ ആ അപകടം അയാളിൽ വലിയ ആഘാതങ്ങളുണ്ടാക്കും അതുപോലെയാണ് കേരളത്തിൻറെ അവസ്ഥയും പാരിസ്ഥിതികാരോഗ്യം കുറഞ്ഞ കേരളത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ ആഘാതവും വർദ്ധിക്കുന്നു.

കേരളത്തിൻറെ പരിസ്ഥിതിയെ സംരക്ഷിച്ചെങ്കിൽ മാത്രമേ ദുരന്തങ്ങളുടെ ആഘാതം കുറക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ സഹദേവൻ, റിവർ റിസർച്ച്‌ സെൻറർ ഡയറക്ടർ എസ്‌.പി രവി, കേരളീയം മാസിക എഡിറ്റർ എസ്.ശരത് എന്നിവർ എൻവിയോൺമെൻറൽ ആക്ടിവിസം,പരിസ്ഥിതി പുനരുജ്ജീവനം,പരിസ്ഥിതി പ്രശ്നങ്ങൾ,മാധ്യമ സമീപനങ്ങളിലെ പൊരുത്തക്കേടുകൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. ജുബൈർ,പ്രവർത്തക സമിതി അംഗങ്ങളായ കെ. സിദ്ദീഖ് അലി,പി.സി റഊഫ് മിസ്ബാഹി എന്നിവർ സംസാരിച്ചു.