കൊച്ചി: ജീവിതശൈലീരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് 30 വയസ് കഴിഞ്ഞവർക്ക് പരിശോധനാ കാർഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പഞ്ചായത്തുതലത്തിൽ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും.

ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ അഡ്വാൻസ്ഡ് ഗ്യാസ്‌ട്രോ എന്ററോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ ക്യാൻസർ രജിസ്ട്രിയുണ്ടാക്കും. ഏതുതരം അർബുദമാണ് കൂടുതലുള്ളതെന്ന് തിരിച്ചറിയാനും പ്രതിരോധിക്കാനും ഇതിലൂടെ സാധിക്കും. യുവാക്കൾക്ക് ഉൾപ്പെടെ ഇപ്പോൾ അവയവമാറ്റ ശസ്ത്രക്രിയ ധാരാളമായി വേണ്ടിവരുന്നു. ഇതിനുള്ള ഭീമമായ ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തണം. കോട്ടയം മെഡിക്കൽ കോളേജിൽ ഉടൻ അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കും. കൊച്ചിയിലെ ഹെൽത്ത് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 100 നിർധനരോഗികൾക്ക് ആൻജിയോപ്ലാസ്റ്റി സൗജന്യമായി നൽകുന്നതിനുള്ള പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.