തിരുവനന്തപുരം: മുല്ലപെരിയാറിൽ ബേബി ഡാം ബലപ്പെടുത്തുന്നതിൻ്റെ ഭാഗമായി 15 മരങ്ങൾ മുറിച്ചു മാറ്റാൻ എടുത്ത തീരുമാനം സർക്കാർ മരവിപ്പിച്ചു. ഉദ്യോഗസ്ഥ തലത്തിൽ മാത്രം എടുത്ത തീരുമാനം ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാർ ബേബി ഡാമിന് കീഴിലെ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സഖ്യകക്ഷിയായ എൻ സി പിയുടെ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്ന് പി സി ചാക്കോ പറഞ്ഞിരുന്നു.

വനം മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കിൽ അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. കൂടിയാലോചിച്ച് എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും പി സി ചാക്കോ വിമർശിച്ചു. താനറിയാതെയാണ് ഉത്തരവിറക്കിയതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു. മന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പി സി ചാക്കോ പറഞ്ഞു.
തുടർന്നാണ് സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്.