2021 നവംബർ 7 ഞായർ

🙏സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

🙏ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി; കേരളത്തിന് നന്ദി പറഞ്ഞ് സ്റ്റാലിന്‍l
തമിഴ്‌നാട് സര്‍ക്കാരിനും തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും വേണ്ടി താന്‍ കേരള സര്‍ക്കാരിനോട് നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ എംകെ സ്റ്റാലിന്‍.

🙏വിദ്യാര്‍ത്ഥികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊള്ളാച്ചി, പഴനി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ബുധനാഴ്‌ച്ച വൈകിട്ടോടെയാണ് ആലത്തൂര്‍ സ്വകാര്യ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് സഹോദരിമാരേയും രണ്ട് ആണ്‍ സുഹൃത്തുക്കളേയും കാണാതായത്.

🙏പഠിക്കുവാനുള്ള ആവശ്യമുന്നയിച്ച്‌ എം ജി യൂണിവേഴ്സിറ്റിയ്ക്ക് മുന്‍പില്‍ ദീപ പി മോഹനന്‍ നടത്തി വരുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക്.

🙏സഹോദരീ ഭര്‍ത്താവിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം ബീച്ച്‌ റോഡ് ദീപ്തി കോട്ടേജില്‍ ഡോ.ഡാനിഷ് ജോര്‍ജ് (28) ആണ് റിമാന്‍ഡിലായത്. വെള്ളിയാഴ്ച ഊട്ടിയില്‍നിന്ന്​ കസ്​റ്റഡിയിലെടുത്ത ഡാനിഷിനെ ശനിയാഴ്ച ആറ്റിങ്ങലില്‍ എത്തിച്ച്‌​ അറസ്​റ്റ്​ രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥല​ത്ത് എത്തിച്ച്‌​ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

🙏ഹരിയാനയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൊലവിളി പ്രസംഗവുമായി ബിജെപി എംപി ഡോ. അരവിന്ദ് ശര്‍മ്മ. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും കണ്ണുകള്‍ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കേള്‍ക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയില്‍ എംപിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി.

🙏 ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 92 പേര്‍ വെന്തുമരിച്ചു.

അപകടത്തില്‍ ടാങ്കര്‍ ലോറിയില്‍ വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ലോറിയില്‍ നിന്നും പുറത്തേയ്ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണില്‍ വെള്ളിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.

ബസ്സും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ കുറച്ച് പേര്‍ക്ക് സാരമായ പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. ഇന്ധന ശേഖരണത്തിനിടെ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് 92 പേര്‍ വെന്തുമരിച്ചത്. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും പുറത്തേയ്ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാനായി വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു.


🙏അമേരിക്കയിലെ ടെക്സസില്‍ സംഗീതനിശ കാണുവാന്‍ എത്തിയ ജനക്കൂട്ടത്തില്‍ തിരക്കില്‍പ്പെട്ട് എട്ടു മരണം. വെള്ളിയാഴ്ച അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ ടെക്സസിലാണ് സംഭവം. സംഗീതമേളയായ ആസ്ട്രോ വേള്‍ഡിന്റെ തുടക്ക ദിവസത്തിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. പരിപാടിക്ക് എത്തിയ ജനക്കൂട്ടം, പരിപാടി നടക്കുന്ന വേദിക്ക് അരികിലെത്താന്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്.

🙏ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 89 റണ്‍സുമായി പുറത്താവാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

🙏ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ 10 റണ്‍സിന്റെ ആവേശജയം കുറിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമിയിലെത്താതെ പുറത്ത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിട്ടും അവസാന ഓവറില്‍ കാഗിസോ റബാദയുടെ ഹാട്രിക്കിന് മുന്നില്‍ തകര്‍ന്ന് 10 റണ്‍സിന് തോറ്റു.

ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച റബാദ ഇംഗ്ലണ്ടിന്റെ വിജയം തടഞ്ഞെങ്കിലും ടീമിനെ സെമിയിലത്തിക്കാന്‍ ആ പ്രകടനം മതിയാവാതെ വന്നു. ഇംഗ്ലണ്ടിനെ 131 റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ നെറ്റ് റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താന്‍ അവസരമുണ്ടായിരുന്നുള്ളു. ദക്ഷിണാഫ്രിക്ക 10 റണ്‍സിന്റെ നേരിയ ജയം നേടിയതോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിലെത്തി.

🙏കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് ‘സഹ്യാദ്രിയിലേക്ക് ഒരു സഞ്ചാരം’ യാത്രാപദ്ധതി 14 മുതല്‍ ആരംഭിക്കും.
എല്ലാ ഞായറാഴ്ചകളിലും വിനോദയാത്രയുണ്ടാവും. രാവിലെ എട്ടിന് ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് ഈരാറ്റുപേട്ട, വാഗമണ്‍, ഏലപ്പാറ, കുട്ടിക്കാനം, പീരുമേട്, പരുന്തുംപാറ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി വഴി വൈകീട്ട് ആറിന് മടങ്ങിയെത്തും. 350 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശനപാസ്​ എന്നിവയുടെ ചെലവ് യാത്രക്കാര്‍ വഹിക്കണം. ബുക്കിങ്ങിന് ഫോണ്‍: 04828 221333, 6238181406.