👆കേരളത്തെ ആട്ടിയുലച്ച കേസുകളിലെ വിവാദനായിക സ്വപ്ന സുരേഷ് ജയില്‍ മോചിതയായി.അമ്മ മാത്രമാണ് സ്വപ്നയെ കൂട്ടിക്കൊണ്ടുപോകാന്‍ ഉണ്ടായിരുന്നത്.അമ്മയുടെ കയ്യില്‍ പിടിച്ച് പുറത്തുവന്ന സ്വപ്ന തിരക്കു കൂട്ടിയ മാധ്യമങ്ങളോട് പിന്നെപ്പറയാമെന്ന വാചകം മാത്രമാണ് പറഞ്ഞത്. സ്വപ്ന ബാലരാമപുരത്തുള്ള വീട്ടിലേക്കാണ് പോയത്.

🙏കൊല്ലത്ത് തീപ്പൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കഴിഞ്ഞ മാസം 29 ന് ആണ് കരുനാഗപ്പള്ളി കുലശേഖരം സ്വദേശി നളിനാക്ഷി (76 )തീപ്പൊള്ളലേറ്റ് മരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ പോലീസ് മരുമകൾ രാധാമണിയെ അറസ്റ്റ് ചെയ്തു. അമ്മായിയമ്മയും മരുമകളൂം തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നു. രാധാമണി നളിനാക്ഷിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്പിച്ച ശേഷം കത്തിയ്ക്കുകയായിരുന്നു.

👆തിരുവനന്തപുരത്ത് മകൻ്റെ അടിയേറ്റ് വയോധികനായ
പിതാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നേമത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നേമം സ്വദേശി 80 വയസ്സുള്ള ഏലീയാസ് ആണ് മരിച്ചത് .പിതാവിനെ അടിച്ചു കൊന്ന കേസ്സിൽ മകൻ 52 ക്ലീറ്റസ് പിടിയിലായി. ഇയാൾ സ്ഥിരം മദ്യപാനിയെന്ന് പോലീസ് പറഞ്ഞു.

👆കേന്ദ്രസർക്കാരിന് പിന്നാലെ പുതുച്ചേരിയും ഇന്ധനവിലയുടെ വാറ്റ് നികുതി കുറച്ചതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ വൻ തിരക്ക്. മാഹിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് നിലവിലുള്ളത്. കണ്ണൂരിലെ വിലയുമായി പെട്രോളിന് 11.91 രൂപയുടെയും ഡീസലിന് 10.74 രൂപയുടെയും വ്യത്യാസമുണ്ട്
തലശ്ശേരി, വടകര മേഖലകളിൽ നിന്നുള്ളവർ ഇന്ധനം നിറയ്ക്കാനായി കൂട്ടത്തോടെ മാഹിയിലേക്ക് എത്തുന്നത് നഗരത്തിൽ വലിയ ഗതാഗത കുരുക്കിനും വഴിവെച്ചിട്ടുണ്ട്.

👆മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 11 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടം നടക്കുമ്പോൾ ഏകദേശം 25 ഓളം പേർ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്.

👆സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ മറ്റന്നാൾ കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ഗതാഗത കുരുക്ക് ഇല്ലാതെ സമരം സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.

👆ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കുംവരെ നിരാഹാര സമരം തുടരുമെന്ന് എം ജി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകയായ ദീപ പി മോഹൻ. സമരത്തിൽ നിന്നും പിൻമാറണമെന്ന മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദീപയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്നും ദീപ വ്യക്തമാക്കി.

👆തിരുവനന്തപുരം ചിറയിൻകീഴിൽ ദുരഭിമാനത്തിന്റെ പേരിൽ ഭാര്യാ സഹോദരനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡോക്ടർ ഡാനിഷ് കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡിന് സമീപം ദീപ്തി കോട്ടേജിൽ ജോർജിന്റെയും വത്സലയുടെയും മകനായ ഡാനിഷിനെ ഊട്ടിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
സഹോദരി ദീപ്തിയുടെ ഭർത്താവായ മിഥുനെയാണ് ഡാനിഷ് മർദിച്ചത്. മതം മാറാൻ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടർന്നായിരുന്നു മർദനം.

👆മഴയുടെ ശക്തി കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 138.50 അടിയാണ് ഡാമിൽ ശനിയാഴ്ച രേഖപ്പെടുത്തിയ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ് വന്നിട്ടുണ്ട്. ഇതോടെ സ്പിൽവേയിലെ ഏഴ് ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ഇനി ഒരു ഷട്ടറാണ് അടയ്ക്കാനുള്ളത്. ഇതിന്റെ ഉയരം 20 സെന്റിമീറ്ററായി കുറച്ചിട്ടുണ്ട്.

സെക്കൻഡിൽ 980 ഘനയടി വെള്ളമാണ് സ്പിൽവേ വഴി ഒഴുക്കിവിടുന്നത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.72 അടിയായി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.

👆ബീഹാർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. ബേതിയയിൽ 15 പേരും ഗോപാൽഗഞ്ചിൽ 11 പേരും മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിലായി ആറ് പേരുമാണ് മരിച്ചത്. ബീഹാറിൽ രണ്ടാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്. 
ഒക്ടോബർ 24ന് സിവാനിലും ഒക്ടോബർ 28ന് ബെഗുസരായ് ജില്ലയിലും സംഭവിച്ച മദ്യദുരന്തങ്ങളിൽ എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

  👆പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി എക്‌സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് ചാക്ക് കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.

എക്‌സൈസ് പരിശോധനക്കിടെ വാഹനം വെട്ടിച്ച് കടക്കാനായിരുന്നു ഇവരുടെ ശ്രമം. പരിശോധന മറികടന്ന് അതിവേഗതയിൽ മുന്നോട്ടുപോയ ഇവരുടെ വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.

  👆നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ മന്ത്രി ജി സുധാകരന് വീഴ്ച സംഭവിച്ചെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ സ്ഥാനാർഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനാവശ്യമായ  പ്രചാരണം നടത്തുന്നതിൽ ജി സുധാകരൻ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ. അതേസമയം സുധാകരനെതിരെ നടപടിക്ക് റിപ്പോർട്ട് ശുപാർശ ചെയ്തിട്ടില്ല.

👆മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിവാദം ശരിക്കും തിരിച്ചടിയായത് മോഹൻലാൽ ആരാധകർക്കാണ്. തീയറ്ററിൽ ആഘോഷിക്കേണ്ട പടം വിവിധ സിനിമാ സംഘടനകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഒടിടി റിലീസിന് പോകുകയാണ്. എന്നാൽ ഇതുമാത്രമല്ല, മോഹൻലാലിന്റെ വരാനിരിക്കുന്ന അഞ്് ചിത്രങ്ങളും ഇനി ഒടിടി റിലീസായിരിക്കുമെന്നാണ് നിർമാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ ഇന്നലെ പറഞ്ഞത്. ഇതോടെ അടുത്ത കാലത്തൊന്നും തീയറ്ററുകളിലേക്ക് മോഹൻലാൽ ചിത്രമെത്തില്ലെന്ന് ഉറപ്പായി കഴിഞ്ഞു

👆നടൻ ജോജു ജോർജുമായുള്ള കേസ് ഒത്തു തീർപ്പാക്കണമെന്ന് കോൺഗ്രസിന് ഒരു നിർബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നൂറ് കേസുകളിൽ പ്രതികളായി നിരവധി കോൺഗ്രസുകാർ ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് ജോജുവിന്റെ കേസിലും ജയിലിൽ പോകാൻ കോൺഗ്രസുകാർ തയ്യാറാണ്. വിഷയം ഒത്തുത്തീർക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിനെ സമീപിച്ചത് ജോജുവിന്റെ സുഹൃത്തുക്കളാണ്. അല്ലാതെ പ്രശ്‌നം തീർക്കണമെന്ന് കോൺഗ്രസിന് നിർബന്ധമില്ല.

👆സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ നിലയിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിൻ വിതരണം ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ട്. എങ്കിലും ജനങ്ങൾ ജാഗ്രതയും പ്രതിരോധവും കൈവിടരുത്. 
സംസ്ഥാനത്തെ പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 53 ശതമാനം പേർ ഇതിനോടകം രണ്ട് ഡോസും സ്വീകരിച്ചു. ജനുവരിയോടെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

👆ബ്രസീലിയൻ ഗായികയായ മരീലിയ മെന്തോൻസ(26) വിമാനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗ്രാം പ്രൊഡ്യൂസർ കൂടിയായ അമ്മാവൻ, രണ്ട് പൈലറ്റുമാർ എന്നിവരും അപകടത്തിൽ മരിച്ചു. 
ലാറ്റിൻ ഗ്രാമി അവാർഡ് ജേത്രി കൂടിയാണ് മരീലിയ. ബ്രസീലിയൻ സംഗീതരൂപമായ മ്യൂസിക സെർതനേഷോയുടെ പ്രചാരകയായിരുന്നു മരീലിയ. കാരിറ്റിങ്കയിൽ നടക്കാനിരുന്ന സംഗീത പരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.

  👆നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ മന്ത്രി ജി സുധാകരന് വീഴ്ച സംഭവിച്ചെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ സ്ഥാനാർഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനാവശ്യമായ  പ്രചാരണം നടത്തുന്നതിൽ ജി സുധാകരൻ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ. അതേസമയം സുധാകരനെതിരെ നടപടിക്ക് റിപ്പോർട്ട് ശുപാർശ ചെയ്തിട്ടില്ല.

👆നാല് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഒന്‍പതുവയസുകാരെനെ കൊലപ്പെടുത്തി. ഹന്‍സൂര്‍ താലൂക്കില്‍ ഒരു കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ത്തിക് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് നാല് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

👆പിതാവിനെ കൊലപ്പെടുത്തിയ പതിമൂന്നുകാരന്‍ അറസ്റ്റില്‍. പിതാവ് മദ്യപിച്ച് വന്ന് തന്നെയും തന്റെ വീട്ടുകാരെയും പതിവായി മര്‍ദ്ദിച്ചിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.
ദീപാവലി ആഘോഷിക്കാന്‍ വേണ്ടി കരുതിയിരുന്ന പണം മുഴുവന്‍ പിതാവ് മദ്യം വാങ്ങി തീര്‍ത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുട്ടിയുടെ അമ്മാവനും ചേര്‍ന്നാണ് കൊലനടത്തിയത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

👆എം ജി സർവകലാശാല നാനോ സയൻസ് സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റി. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചാണ് സിൻഡിക്കേറ്റ് നടപടിയെടുത്തത്. സർവകലാശാല വൈസ് ചാൻസലർ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.
നന്ദകുമാർ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സർവകലാശാലയുടെ വിശദീകരണം. എം ജി സർവകലാശാലയിൽ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം നന്ദകുമാർ കാണിച്ചതായി ദീപ പി മോഹൻ എന്ന വിദ്യാർഥിനി പരാതിപ്പെട്ടിരുന്നു. ദളിത് വിദ്യാർഥിയായതിന്റെ പേരിൽ തന്നെ ഗവേഷണം പൂർത്തിയാക്കാൻ നന്ദകുമാർ അനുവദിക്കുന്നില്ലെന്നും ദീപ ആരോപിച്ചിരുന്നു.

👆കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

👆കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,927 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6409 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 332 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 72,876 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.