ആലപ്പുഴയിലെ സി പി എം രാഷ്ട്രീയം എന്നും കലങ്ങി മറിയുന്ന ഒന്നാണ്. ഗൗരിയമ്മയിൽ തുടങ്ങി ജി സുധാകരനിൽ വരെ എത്തി നിൽക്കുന്ന പാർട്ടി നടപടികൾ ആലപ്പുഴ സി പി എമ്മിൻ്റെ ചരിത്രം കൂടിയാണ്.
ജി സുധാകരന് എതിരെയുള്ള നടപടി പാർട്ടി നിർദ്ദേശo ലംഘിക്കുന്ന തങ്ങളുടെ അണികൾക്കും നേതാക്കൾക്കും സി പി എം നൽകുന്ന സന്ദേശം കൂടിയാണ്.

കനൽ മൂടിക്കിടക്കുകയും പിന്നെ ഇടവേളകളോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് ആലപ്പുഴയുടെ രാഷ്ട്രീയം.50 വർഷമായി വിഭാഗീയതയുടെ വാർത്തകൾക്കൊപ്പമാണ് ആലപ്പുഴ സിപിഎം കടന്നുപോയിട്ടുള്ളത്. പ്രമുഖ നേതാക്കളാണ് അതിനൊക്കെ ഇരയായതും. ഓരോ തിരഞ്ഞെടുപ്പും വിഭാഗീയമായ വെട്ടിനിരത്തലിനുള്ള അവസരമായിരുന്നു ആലപ്പുഴയിലെ പാർട്ടിക്ക്.

ഏറ്റവും ഒടുവിൽ ജി. സുധാകരനെതിരായ നടപടികളിലൂടെ ആലപ്പുഴ രാഷ്ട്രീയം ചൂടാകുകയാണ്. ചരിത്രം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കും. ആലപ്പുഴയിലും ചരിത്രം ആവർത്തിക്കുകയാണ്.ഏറെ ജനകീയനെങ്കിലും കലഹപ്രിയനായ നേതാവ്.ഗൗരിയമ്മ പുറത്താകുമ്പോഴും ആഞ്ചലോസ് പുറത്തേക്ക് പോകുമ്പോഴും വി.എസ് തോൽക്കുമ്പോഴും ജി. സുധാകരൻ ആലപ്പുഴയിൽ ശക്തനായ നേതാവായിരുന്നു.

ജില്ലയിൽനിന്നുള്ള മന്ത്രിയും എംപിയും അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ വളർന്നുവന്നവരാണ്.
സംശുദ്ധം എന്ന് പറയാവുന്ന പ്രതിച്ഛായയാണ് സുധാകരന് എന്നും ഉണ്ടായിരുന്നത്. അതിന് ജനസമ്മതിയുമുണ്ട്. നടപടിയെടുത്ത പാർട്ടിയുടെ രീതി അനുസരിച്ച് ഇരയുടെ കൂടെ നിൽക്കാനും ആരുമുണ്ടാകില്ല. മറ്റുള്ളവർക്ക് വിധേയനായി നിൽക്കുന്ന ശൈലി സുധാകരന് പരിചിതമല്ല. കവിതയും വേടരപ്ളാവിലെ രാഷ്ട്രീയവുമായി സുധാകരന്‍ ഒതുങ്ങുമോ.
സുധാകരൻ ഇനി എങ്ങനെ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.