കോഴിക്കോട്: ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ എം.ജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജാതിയുടെ പേരിൽ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാൻ ഗവേഷക വിദ്യാർഥിനി നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത് കേരളത്തിന് അപമാനമാണെന്ന് സതീശൻ പറഞ്ഞു.

ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങൾ ഓർമപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനിൽക്കെയാണെന്നത് ഇത്തരത്തിൽ ഒരു വിദ്യാർത്ഥിനിക്ക് സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തേണ്ടി വരുന്നത് എന്നത് കേരളത്തിന് അപമാനമാണ്. ദീപയ്ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത സർക്കാരിനും സർവകലാശാലക്കുമുണ്ട്. നാനോ സയൻസസിൽ ഗവേഷക വിദ്യാർഥിയായ ദീപക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരിൽ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.

ആരോപണ വിധേയനായ അധ്യാപകനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിക്കുന്ന അവസ്ഥ പോലുമുണ്ടായി. എന്നിട്ടും സർവകലാശാല നടപടിയെടുത്തില്ല. ദീപക്ക് ഗവേഷണം പൂർത്തിയാക്കാനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണം. അവർ ഉന്നയിച്ചിരിക്കുന്ന പരാതികൾ പരിശോധിച്ച്‌ നീതിയുക്തമായ പരിഹാരമുണ്ടാക്കാൻ സർക്കാർ തയാറാകണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സതീശൻ ആവശ്യപ്പെട്ടു.