ഇടുക്കി . മുല്ലപ്പെരിപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ അൽപ്പം കുറവുണ്ടായതോടെ തുറന്നിരുന്ന 8 ഷട്ടറുകളിൽ 7 എണ്ണവും താഴ്ത്തി. നിലവിൽ 138.50 അടിയാണ്. അതേ സമയം ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്ന് ആനയിറങ്കൽ അണക്കെട്ട് കവിഞ്ഞൊഴുകി. പന്നിയാറിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ പൊൻമുടി അണക്കെട്ടും തുറന്നിരിക്കുകയാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ തുറന്നിരുന്ന 7 ഷട്ടറുകൾ തമിഴ്നാട് താഴ്ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പിൽ നേരിയ കുറവുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകൾ താഴ്ത്തിയത്. നിലവിൽ മൂന്നാമത്തെ ഷട്ടർ 20 സെ. മി. മാത്രമാണ് ഉയർത്തിയിരിക്കുന്നത്.

139 അടി വരെ ജലനിരപ്പ് നിലനിർത്താമെന്ന റൂൾ കർവ്വും നിലനിൽക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് തമിഴ്നാട് ഷട്ടറുകൾ താഴ്ത്തിയത്. അതേ സമയം പരമാവധി സംഭരണ ശേഷിയും പിന്നിട്ട അനിയറക്കൽ ഡാം നിറഞ്ഞൊഴുകി. 35 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 1207 മീറ്ററാണ്.ഇതും പിന്നിട്ട് 25 സെന്റീമീറ്റർ കൂടി ജലനിരപ്പ് ഉയർന്നതോടെയാണ് സ്പിൽവേയിലൂടെ പന്നിയാർ പുഴയിലേക്ക് വെള്ളം കവിഞ്ഞൊഴുകുവാൻ തുടങ്ങിയത്.

കുത്തുങ്കൽ,പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ കുത്തുങ്കൽ, പൊന്മുടി എന്നി അണക്കെട്ടുകളിലേക്ക് വേനൽക്കാലത്ത് വെള്ളമെത്തിക്കുന്നതിനായി 1963ൽ നിർമ്മിച്ച സപ്പോർട്ട് ഡാമാണിത്. ഒരാഴ്ച്ചയായായി ബോഡിമെട്ട് ചിന്നക്കനാൽ,തോണ്ടിമല,ആനയിറങ്കൽ,ബി.എൽ റാവ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ തുലാമഴയാണു ലഭിക്കുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കഴിഞ്ഞ ആഴ്ച്ച മുതൽ പൊന്മുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 75ക്യൂമെക്സ് വെള്ളം മുതിരപ്പുഴയാറിലേയ്ക്ക് ഒഴുക്കിവിടുന്നുണ്ട്.

ആനയിറങ്കൽ അണക്കെട്ട് നിറയുന്നതോടെ അധിക ജലം പൊന്മുടിയിലേയ്ക്ക് ഒഴുകിയെത്തുമെന്നുകൂടി മുൻകൂട്ടി കണ്ടാണു ഇതു ചെയ്തത്. ആനയിറങ്കൽ അണക്കെട്ടിലെ ജലനിരപ്പും പന്നിയാർ പുഴയിലെ നീരൊഴുക്കും കുറഞ്ഞതിനുശേഷം മാത്രം ഷട്ടറുകൾ അടച്ചാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.