വര്‍ക്കല .ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്ററ് ഭാരവാഹി തെരെഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം. ഈ മാസം 7നാണ് തെരെഞ്ഞെടുപ്പ്. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്ററ്ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 11 അംഗങ്ങളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 43 സന്യാസിമാർ ചേർന്നാണ് 11അംഗ ബോർഡിനെ തെരെഞ്ഞെടുത്തത്. ഒക്ടോബർ 16ന് നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ സെക്രട്ടറിയായ സാന്ദ്രാനന്ദ സ്വാമി ഉൾപ്പെടെ പരാജയപ്പെട്ടിരുന്നു. സ്വാമി സൂഷ്മാനന്ദ.

സ്വാമി വിശുദ്ധാനന്ദ, സ്വാമി പരാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രസാദ്,സ്വാമി ഋതംഭരാനന്ദ എന്നിവരാണ് ജയിച്ചവരിൽ പ്രമുഖർ.ചെമ്പഴന്തി ​ഗുരുകുലം സെക്രട്ടറിയായ സ്വാമി ശുഭാംഗാനന്ദയ്ക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. തെരെഞ്ഞെടുക്കപ്പെട്ട പതിനൊന്നംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്. പ്രസിഡന്റ്, സെക്രട്ടറി .ഖജാൻജി എന്നെ സ്ഥാനങ്ങളിലേക്കാണ് മത്സരം.

സ്വാമി സൂഷ്മാനന്ദയുടെ നേതൃത്വത്തിലുള്ള പാനലിനാണ് വിജയ സാധ്യത. 11 അംഗ ബോർഡിൽ 6 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് സ്വാമി സൂഷ്മാനന്ദ പക്ഷം അവകാശപ്പെടുന്നു. സ്വാമി ഗുരുപ്രസാദ്, സ്വാമി ഋതംഭരാനന്ദ എന്നിവരാണ് എതിർപാനലിലെ പ്രമുഖർ. ഈ രണ്ടു പേരും വിവിധ ആരോപണങ്ങൾ നേരിടുന്നവരാണെന്ന് സ്വാമി സൂഷ്മാനന്ദയെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു. ഇതിൽ സ്വാമി ഗുരുപ്രസാദ് ഗുരുധർമ പ്രചാരണസഭാ സെക്രട്ടറി ആയിരുന്നു. അമേരിക്കൻ മലയാളി സ്ത്രീയുടെ പരാതിയെ തുടർന്ന് ഒരു വർഷം മുൻപ് തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.

അമേരിക്കയിൽ വെച്ച് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ഇതുസംബന്ധിച്ച് അമേരിക്കയിൽ കേസ് നടക്കുന്നുണ്ട്. ശിവഗിരിയിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച കൺവെൻഷൻ സെന്ററിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. അക്കാലത്തെ ഭരണസമിതിക്കെതിരെ ഇതുസംബന്ധിച്ച് അഴിമതി ആരോപണം ഉയർന്നിരുന്നു. സ്വാമി ഋതംഭരാനന്ദയായിരുന്നു അന്ന് ഭരണസമിതിയുടെ സെക്രട്ടറി.

ശിവഗിരിയുടെ ചരിത്രത്തിൽ ഇന്നുവരെ കേസിൽ പ്രതിയായവരോ അന്വേഷണം നേരിടുന്നവരോ ശിവഗിരി ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റിലേക്കോ ഭാരവാഹിയായോ മത്സരിച്ചിട്ടില്ലെന്ന് എതിർപക്ഷം പറയുന്നു. അടുത്ത കാലത്തതൊന്നും ശിവഗിരിയിൽ ഇത്ര കടുത്ത മത്സരം നടന്നിട്ടില്ല. അതുപോലെ ആരോപണ വിധേയർ മത്സരരംഗത്തും ഉണ്ടായിരുന്നില്ല. ആയിരം കോടിയോളം രൂപയുടെ ആസ്തിയാണ് ശിവഗിരി ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റിനുള്ളത്.