ആലപ്പുഴ. ആലപ്പുഴയിൽ പത്താം ക്ലാസുകാരന് അയൽവാസിയുടെ മർദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരുക്കേറ്റത്. അയൽവാസി ശാർങധരനാണ് അരുൺകുമാറിനെ മർദിച്ചത്


കുട്ടികളെ കളിക്കാൻ വിളിച്ചു കൊണ്ടുപോയതിന്റെ പേരിലാണ് ഇയാൾ കുട്ടിയെ മർദിച്ചത്. അരുൺകുമാറിന് ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാർങ്ധരൻ വരികയും സ്വന്തം കൊച്ചുമക്കളെ മർദിക്കുകയുമായിരുന്നു. കളി സാധനങ്ങൾ ഇയാൾ എടുത്തുവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിനെ മർദിച്ചത്.

വടി കൊണ്ടുള്ള അടി അരുൺകുമാറിന്റെ കണ്ണിന് പരുക്കേൽപ്പിക്കുകയായിരുന്നു. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.