വിദൂഷകന്‍
കോണ്‍ഗ്രസിന്റെ വിലകുറയ്ക്കല്‍ സമരം വിലകുറച്ചു എന്ന് നിസ്തര്‍ക്കം പറയാം, വില കുറച്ചത് അന്ന് തല്‍സമയം സമരം കണ്ടവര്‍ക്കെല്ലാം അറിയാം, പക്ഷേ ഇപ്പോഴിതാ വില നന്നായി കുറഞ്ഞിരിക്കുന്നു.

. കൊച്ചിയില്‍ വൈറ്റിലയില്‍ നടന്ന റോഡ് – ഉപരോധം കണ്ട് മോഡിജി ഞെട്ടിത്തരിക്കുകയും പെട്ടെന്ന് നിര്‍മ്മലാജിയെയും അമിത് ഷാജിയേയും വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും പെട്ടെന്ന് ഇന്ധന വില കുറയ്ക്കാന്‍ ആവശ്യപെടുകയും ചെയ്തു.
അല്ലെങ്കില്‍ സമീപകാല ഇന്ത്യാ സമര ചരിത്രത്തില്‍ ഇങ്ങനെ ഒരു സമരം കണ്ടിട്ടുണ്ടോ.

പശ കൂട്ടിയ ഖദറിട്ട് വാഹനങ്ങളില്‍ സമരത്തിന് നിശ്ചയിച്ച സ്ഥലത്തേക്ക് എത്തുക. ഒരു നാല് അഞ്ച് കിലോമീറ്റര്‍ സമര കേന്ദ്രത്തിനടുത്തായിയെന്ന് ഗൂഗിള്‍ ചേച്ചി പറയുന്ന സമയം നടുറോട്ടില്‍ കാര്‍ ഓഫാക്കി കീയുമായി സമരത്തിന് നടന്നു പോകുക സാധാരണ സമരത്തിന്നു വരുമ്പോള്‍ കാര്‍ ഒക്കെ റോഡരികിലാ പ്രത്യേകം തയ്യാറാക്കിയ മൈതാനത്തോ ഒതുക്കിയാണ് സമരത്തിന് പോവുക : ഇതങ്ങനെയല്ല സമരത്തിന് വരുമ്പോള്‍ റോഡിന് നടുക്ക് കാറിനുകാറും ബൈക്കിന് ബൈക്കും ഉപേക്ഷിച്ച് അങ്ങു പോയേക്കുക. റോഡ് ഗതാഗതം നിലയ്ക്കുക, എന്തു സംഭവിച്ചെന്നറിയാന്‍ ഓടിക്കൂടുന്ന ഇരപ്പാളികള്‍ നോക്കുമ്പോള്‍ ഫ്‌ളാഷ് മോബു പോലെ സമരമാണ്. ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞവര്‍ക്ക് അതു കാണുമ്പോള്‍ ഒരാശ്വാസമാണ് – സമരം കാണാനും ആളുവേണ്ടേ.

കടുത്ത സമരമാണ് – വില കൂട്ടുന്ന മോഡിയും പെട്രോളിയം കമ്പനി മച്ചാന്‍മാരും നടുങ്ങും , ഒപെക്കിലേക്ക് വിളിച്ചു ചോദിക്കും. അല്ലെങ്കില്‍ തന്നെ പഴയ സ്മരമുറയൊക്കെ ഇക്കാലത്ത് ആര് ശ്രദ്ധിക്കാനാണ്. ഇന്ധന ബഹിഷ്‌കരണം. ഇരുമ്പനത്ത് പോയി ടാങ്കുകള്‍ തടയുക റിഫൈനറി ക്കുമുന്നില്‍ കോലം കത്തിക്കുക ഇതെല്ലാം പഴയത്. ഇത് നടുറോഡുപരോധിച്ച് കോവിഡിന്റെ പിടിയില്‍ മുച്ചൂടും മുടിഞ്ഞു വാരി ജീവിതവും കൈയ്ക്കുപിടിച്ചോടുന്നവനെ തടഞ്ഞു നിര്‍ത്തിയാല്‍ ഒരു ഗുമ്മുണ്ട്. ഇവമ്മാരല്ലേ കിറ്റു വാങ്ങിയിട്ട് ആ പിണറായിയെ വീണ്ടും കയറ്റിയത്. അനുഭവിക്കട്ടെ – കോണ്‍ഗ്രസാണെന്നു കരുതി ഞങ്ങളത്ര ഗാന്ധിയന്മാരല്ല.


അത് ഇങ്ങനെ പുരോഗമിക്കുന്നതിനിടയിലാണ് ഒരുത്തന്‍ സിനിമാ ഷോയുമായി വന്നത്. എവനൊന്നും കേരളം കണ്ടിട്ടില്ലേ, ഡോക്ടര്‍മാരും മജിസ്രേട്ടുമാരും വരെ പണിമുടക്കുന്ന കാലമാണ്. ബസ് സര്‍വ്വീസ് ദിവസങ്ങളോളം നിര്‍ത്തി സമരം ചെയ്യുന്നു. റോഡ് തടഞ്ഞ് സമരം ചെയ്യുന്നതിനെതിരേയാണ് ഇയാളുടെ രോഷം. സിനിമാ നടനാണ് എന്നു പറഞ്ഞാല്‍ മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ ചുരുങ്ങിയ പക്ഷം ഇടവേള ബാബുവിനെപ്പോലെ എങ്കിലും വേണം. ഇത് ഒരുമാതിരി കറുത്തലുവയ്ക്ക് മുടി കിളിര്‍ത്ത മാതിരി , യെവനെയൊക്കെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത്.

ഇത്ര അഹങ്കാരം പാടില്ല, മാത്രമല്ല ജനകീയ സമരങ്ങളോട് മുഖം തിരിച്ചാലോ കൈ ചൂണ്ടിയാലോ ആ കൈ ഒടിക്കേണ്ടത് എല്ലാ രാഷ്ട്രീയക്കാരുടെയും ആവശ്യമല്ലേ, പിണറായിയും സുരേന്ദ്രനും പോലും നമ്മുടെ ഒപ്പം നില്‍ക്കും, നാളെ ഇങ്ങനെ പറയാന്‍ നാവു പൊന്താതിരുന്നാലല്ലേ നമ്മുടെ കളിവിളയാട്ടം നടക്കൂ. നമ്മള് എന്തോരം ഹര്‍ത്താലും ബന്ദും നടത്തിയിരിക്കുന്നു. .ആരേലും ചോദിക്കാന്‍ വന്നിട്ടുണ്ടോ. ജനമാണത്രേ ജനം.


ഒതുക്കി മാറ്റിയിട്ടിരുന്ന കാറാണത്രേ അതിനെന്താ ചില്ലുപൊട്ടിക്കേണ്ടേ, മറ്റവന്മാര് ആരുന്നെങ്കിലോ, എവന്‍ മുണ്ട് മടക്കി കുത്തിയത് കണ്ടോ. മുണ്ട് മടക്കികുത്താന്‍ പാടില്ല, നുമ്മ കഞ്ഞിമുക്കിവടിയാക്കിയ മുണ്ടാണ് ഉടുക്കാറ്, മൂത്രമൊഴിക്കുന്നത് തന്നെ ഉദ്ഘാടനത്തിന് ശില അനാഛാദനം ചെയ്യുന്ന മോഡലിലാണ് . അങ്ങനെയുള്ള നമ്മുടെ മുന്നിലാണ് അവന്‍ മുണ്ടു മടക്കി കുത്തിയത് .

മദ്യപിച്ചു മദോന്മത്തനായാണ് അവന്‍ വഴക്കിന് വന്നതെന്ന് വച്ചതെന്താ സാധാരണ ബോധമുള്ള ആരേലും ഇത്രയും ആസൂത്രിതമായി പോക്രിത്തരം കാണിക്കുന്നവരോട് നേരിടാന്‍ വരുമോ, അവന്‍ മദ്യപിച്ചിട്ടില്ലെന്ന് അപ്പോ തന്നെ തെളിവും എടുപ്പിച്ചു. ഇനി മുണ്ടു പൊക്കി അടിവസ്ത്രം കാട്ടിയാണ് വന്നതെന്ന ആരോപണം പൊളിക്കാന്‍ ഇവന്‍

അടിവസ്ത്രത്തിന്റെ നിറം ചോദിയ്ക്കുമോ, ആര്‍ക്കറിയാം വല്ലാത്ത കാലം.
അധ്വാനിച്ചാടാ പണമുണ്ടാക്കിയേ എന്നത് അധിക്ഷേപമാണ് നെഞ്ചില്‍ കൊണ്ടത്, അതില്‍ ഞങ്ങളൊക്കെ അധ്വാനിക്കാതെയാണ് പണമുണ്ടാക്കുന്നതെന്ന വ്യംഗ്യം ഉണ്ട് .


ഓ പിന്നെ കേസ്, അത് നമ്മളെത്ര കണ്ടിരിക്കുന്നു. ഒരു ബ്രിഗേഡാവുമ്പോ ച്ചിരി കേസും കൂട്ടോമൊക്കെ കണ്ടെന്നിരിക്കും. അത് നുമ്മ ഒത്തു തീര്‍പ്പാക്കും. നുമ്മക്കിത് തന്നെ തൊഴില്, വല്ല കാട്ടിലോ മേട്ടിലോ ഷൂട്ടിന് പോന്ന എവനൊക്കെ കേസിന് എവടെ സമയം, പിന്നെ മൈലേജ്, മമ്മൂക്കക്കോ ലാലേട്ടനോ കിട്ടിയിട്ടുണ്ടോ ഇത്രേം മൈലേജ്, ആകെപ്പാടെ കൂട്ടിയാലാഭം ലവനു തന്നെ.


എന്നാലെന്താ ഒരു നാടിന് സ്വാതന്ത്ര്യം ലഭിക്കാന്‍ മഹാത്മാ ഗാന്ധി എന്തോരം സമരം ചെയ്തതാ .ഇതിപ്പോ ഒരു സമരം കൊണ്ട് പെട്രോള്‍ വില അഞ്ചും ഡീസല്‍ വില പത്തും കുറക്കേണ്ടി വന്നില്ലേ അതാണ് . വില കുറച്ചത് കോണ്‍ഗ്രസിന്റെ ആണെന്ന് ലവന്മാര് പറയുമായിരിക്കും , പറയട്ടെ . വില കുറയ്ക്കാന്‍ സമരം ചെയ്താ നുമ്മ വില കുറപ്പിച്ചിരിക്കും.